തിരുവനന്തപുരത്ത് മുന്‍ വാര്‍ഡ് കൗണ്‍സിലറുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരത്ത് മുന്‍ വാര്‍ഡ് കൗണ്‍സിലറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട വഴയില സ്വദേശി അജയകുമാറിന്റെ (66) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിന് മുകളില്‍ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകമാണ് എന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം പൂര്‍ണമായിട്ടും കത്തിക്കരിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

മണ്ണാമൂല മുന്‍ വാര്‍ഡ് കൗണ്‍സിലറായിരുന്നു അജയകുമാര്‍. മടത്തുവിളാകം, മണികണ്ഠേശ്വരം വാര്‍ഡുകളില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിട്ടുണ്ട്. ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ പ്രദേശവാസികളാണ് പുഴുവരിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പറമ്പ് വൃത്തിയാക്കാന്‍ എത്തിയ ആള്‍ രൂക്ഷ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്തായി തെങ്ങിന്റെ ഓല കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മൃതദേഹം കണ്ടെത്തിയ പറമ്പിലോ സമീപത്തോ തെങ്ങുകള്‍ ഇല്ലായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രദേശവാസികള്‍ ആരോപിച്ചിട്ടുണ്ട്. അജയകുമാറുമായി അടുപ്പമുള്ളവരുടെ മൊഴി ഉടന്‍ പൊലീസ് രേഖപ്പെടുത്തും.