ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ; വാദം പൂര്‍ത്തിയായി ; വിധി ഈ മാസം 28-ന്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചരണ കോടതിയിലെ വാദം പൂര്‍ത്തിയായി. ഈ മാസം 28-ന് കേസില്‍ വിധി പ്രഖ്യാപിക്കും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനാല്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ദിലീപിന്റെ വീട്ടുജോലിക്കാരനായ ദാസന്‍, മാപ്പുസാക്ഷിയായ വിപിന്‍ലാല്‍ എന്നിവരെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദം.
എന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ താനോ തന്റെ കക്ഷി ദിലീപോ ശ്രമിച്ചുവെന്ന് തെളിയിക്കാനുള്ള വിവരങ്ങളോ തെളിവുകളോ പ്രോസിക്യൂഷന്റെ പക്കലില്ലെന്നും ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമന്‍ പിള്ള വ്യക്തമാക്കി.മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷന്‍ പറയുന്ന സമയത്ത് ദിലീപ് ജയിലില്‍ ആയിരുന്നു. ദിലീപിന്റെ വീട്ടുജോലിക്കാരനായ ദാസനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വാദം തെറ്റാണെന്നും ഈ സമയം താന്‍ കൊവിഡ് ബാധിതനായിരുന്നുവെന്നും അഡ്വ. ബി രാമന്‍പിള്ള കോടതിയില്‍ വാദിച്ചു. അതേസമയം തുടരന്വേഷണത്തിന്റെ ഭാഗമായി ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധനാ ഫലവും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.