ലോകത്ത് മാനസികാരോഗ്യ പ്രതിസന്ധി രൂക്ഷമാകും ; മുന്നറിയിപ്പുമായി യുഎന്‍

കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയാണ് ലോകത്തിനെ കാത്തിരിക്കുന്നത് എന്ന മുന്നറിയിപ്പുമായി യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. 2022 ലെ ലോക മാനസികാരോഗ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ലോകത്തിലെ ഒരു ബില്യണോളം വരുന്ന ആളുകള്‍ കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതില്‍ കുട്ടികളുടേയും യുവാക്കളുടേയും എണ്ണം വളരെ കൂടുതലാണെന്ന ഞെട്ടിക്കുന്ന വസ്തുതയും അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി.

മാനസിക പ്രശ്നങ്ങളുള്ളവരില്‍ വലിയൊരു ശതമാനത്തിനും വേണ്ട ചികിത്സയോ സഹായമോ ലഭിക്കുന്നില്ലെന്നതാണ് ഏറെ ശ്രദ്ധേയം. മാനസിക ബുദ്ധിമുട്ടുകള്‍ക്കുള്ള ചികിത്സ പലര്‍ക്കും അപ്രാപ്യമോ താങ്ങാന്‍ കഴിയാത്തതോ ആണ്. ഇത് വരുംനാളുകളില്‍ ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. മാനസികമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ പലവിധ ചൂഷണങ്ങള്‍ക്ക് എളുപ്പത്തില്‍ ഇരകളാകുന്നുവെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി. പലരും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ തൊഴിലിടങ്ങളില്‍ നിന്നോ പുറത്താകേണ്ടി വന്നേക്കാം. സാമ്പത്തികരംഗത്തും ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. കൊവിഡ് മഹാമാരി മാനസിക പ്രശ്നങ്ങള്‍ കൂടാന്‍ കാരണമായെന്നും റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.