ശുക്ലത്തില്‍ രക്തം ? പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

പുരുഷന്മാരുടെ പ്രത്യുത്പാദന അവയവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. ബീജത്തിന്റെ ചലനത്തിന് സഹായിക്കുന്ന ശുക്ലം ഉത്പാദിപ്പിക്കുക എന്നതാണ് ഇതിന്റെ കാര്യമായ ധര്‍മ്മം. ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദം പുരുഷന്മാര്‍ക്കിടയില്‍ വിരളമല്ല. ഏറെ വര്‍ഷങ്ങളെടുത്ത് പതുക്കെ മാത്രം വേരിറക്കുന്ന രീതിയാണ് പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റേത്. ചില കേസുകളില്‍ മാത്രമാണ് ഇത് പെട്ടെന്ന് ഗുരുതരമാവുകയോ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപകമാകുകയോ ചെയ്യുന്നത്.
അധികം ലക്ഷണങ്ങള്‍ കാണിക്കില്ല എന്നതാണ് പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ വലിയൊരു പ്രശ്‌നം. കാണിക്കുന്ന ലക്ഷണങ്ങള്‍ തന്നെ പലപ്പോഴും ശ്രദ്ധയില്‍ പെടാതിരിക്കുകയോ, തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യാം. ഇത്തരത്തില്‍ രോഗം കണ്ടെത്തപ്പെടാന്‍ വൈകുന്നതോടെയാണ് ഇത് കൂടുതല്‍ സങ്കീര്‍ണമാകുന്നത്.
ടോയിലറ്റ് ശീലങ്ങളില്‍ വരുന്ന ചില മാറ്റങ്ങളാണ് പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ സൂചിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങള്‍.

ഇടവിട്ട് മൂത്രശങ്ക തോന്നുന്നത് മിക്കപ്പോഴും മൂത്രാശയ സംബന്ധമായ രോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന പ്രശ്‌നമാണ്. എന്നാലിത് തന്നെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണമായും വരാം. ഇത് മാത്രമല്ല മൂത്രമൊഴിക്കുമ്പോള്‍ തടസം, മൂത്രമൊഴിച്ച് കഴിഞ്ഞാലും തീര്‍ന്നില്ലെന്ന തോന്നല്‍ എന്നിങ്ങനെ മൂത്രാശയ സംബന്ധമായ രോഗങ്ങളുടെ ലക്ഷണമായി വരുന്ന പല പ്രശ്‌നങ്ങളും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണമായും വരാറുണ്ട്.
ഇനി പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ മറ്റ് ചില ലക്ഷണങ്ങള്‍ കൂടി ഒന്ന് മനസിലാക്കാം. ശുക്ലത്തില്‍ രക്തം കാണുന്നതാണ് ഇതില്‍ ഒരു ലക്ഷണം. പലപ്പോഴും ഇത് ശ്രദ്ധയില്‍ പെടുകയെന്നത് വിഷമകരമായ സംഗതി തന്നെ. എങ്കിലും ഇക്കാര്യം ശ്രദ്ധയില്‍ പെടുന്നപക്ഷം നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാവുക.
എല്ലുകളില്‍ വേദന, മറ്റ് കാരണങ്ങളില്ലാതെ ശരീരഭാരം കുറയുക, ഉദ്ധാരണക്കുറവ് എന്നിവയെല്ലാം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണങ്ങളാകാം. ഇവയെല്ലാം അനുഭവത്തില്‍ വരികയോ ശ്രദ്ധയില്‍ പെടുകയോ ചെയ്യുന്നപക്ഷം തീര്‍ച്ചയായും പരിശോധന നടത്തുക. അല്ലെങ്കില്‍ അത് പ്രത്യുത്പാദന വ്യവസ്ഥയെ മാത്രമല്ല ആകെ ആരോഗ്യത്തെ തന്നെ ബാധിക്കുകയും ജീവന് തന്നെ ഭീഷണിയാവുകയും ചെയ്‌തേക്കാം.