അഗ്നിപഥ് പ്രതിഷേധ ബന്ദ് ; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഡിജിപി
രാജ്യത്ത് അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ചില സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കി. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്യും. മുഴുവന്‍ പൊലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് രാത്രി മുതല്‍തന്നെ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും.
അതേസമയം അഗ്‌നിപഥില്‍ റിക്രൂട്ട്‌മെന്റ് തീയതികളായി. കരസേനയിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നാളെയിറങ്ങും. റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി അറിയിച്ചു. കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. വ്യോമസേനയില്‍ അഗ്‌നിപഥ് രജിസ്‌ട്രേഷന്‍ ജൂണ്‍ 24 നാണ്. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബര്‍ 30 ന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ പത്തിന് നടക്കും. നാവികസേനയില്‍ 25-നായിരിക്കും റിക്രൂട്ട്‌മെന്റ് പരസ്യം നല്‍കുക. നാവികസേനയിലും ഓണ്‍ലൈന്‍ പരീക്ഷ ഒരു മാസത്തിനുള്ളില്‍ത്തന്നെ നടക്കും. നവംബര്‍ 21-ന് നാവികസേനയില്‍ പരിശീലനം തുടങ്ങും.
പദ്ധതി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സൈന്യത്തിലേക്ക് കൂടുതല്‍ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണെന്ന് സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറയുന്നു. സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാനലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിന് താഴെയാണ്. അതിനാല്‍ത്തന്നെ ഈ രാജ്യത്ത് സേനയും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നും അനില്‍പുരി വ്യക്തമാക്കി. അഗ്‌നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മൂന്ന് സേനകളും സംയുക്തമായി വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ലഫ്റ്റനന്റ് ജനറലിന്റെ വിശദീകരണം.
നിലവില്‍ 14,000 പേര്‍ കരസേനയില്‍ നിന്ന് ഓരോ വര്‍ഷവും പുറത്തേക്ക് വരുന്നുണ്ട്. ഇവരില്‍പ്പലരും സര്‍വീസ് പൂര്‍ത്തിയാക്കുന്നതിന് മുമ്പേ വിരമിക്കുന്നവരാണ്. ഇവരുടെയും ശരാശരി പ്രായം 35 വയസ്സാണ്. അതിനാല്‍ത്തന്നെ തൊഴില്‍ ഇല്ലാതാകും എന്ന വാദത്തിന് അര്‍ത്ഥമില്ലെന്നും അനില്‍ പുരി പറയുന്നു.
46,000 പേരെ എടുക്കുന്നത് തുടക്കത്തില്‍ മാത്രമാണെന്നാണ് അനില്‍ പുരി അറിയിക്കുന്നത്. പിന്നീടിത് പ്രതിവര്‍ഷം അറുപതിനായിരം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെയാകും. കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്‌മെന്റ് ഇല്ലാത്തതിനാല്‍ നിലവില്‍ പദ്ധതി നടപ്പാക്കാന്‍ നല്ല അവസരമാണെന്നും അനില്‍ പുരി വ്യക്തമാക്കുന്നു.