മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരി നിയമസഭാ സമുച്ചയത്തില്‍ കയറി ; അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി

വിവാദമായ പുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരി അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തില്‍ കയറിയതില്‍ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജന്‍. അനിതയുടെ സന്ദര്‍ശനം ഗുണകരമായ കാര്യമല്ലെന്ന് വിശദീകരിച്ച റവന്യു മന്ത്രി ഇക്കാര്യത്തെ കുറിച്ച് കര്‍ശനമായി അന്വേഷിക്കുമെന്നും അറിയിച്ചു. അനിതയുടെ സന്ദര്‍ശനത്തെ കുറിച്ച് സ്പീക്കറുമായി സംസാരിച്ചിരുന്നതായും മന്ത്രി അറിയിച്ചു. മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയില്‍ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തില്‍ ഇന്നലെയാണ് എത്തിയത്. പ്രതിനിധി പട്ടികയില്‍ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണന്‍ തമ്പി ഹാളിന് പരിസരത്ത് മുഴുവന്‍ സമയവും അവര്‍ സജീവമായിരുന്നു. സഭാ സമ്മേളനം സമാപിച്ച് മാധ്യമങ്ങള്‍ ചുറ്റും കൂടിയപ്പോള്‍ നിയമസഭയുടെ വാച്ച് ആന്റ് വാര്‍ഡ് അനിതാ പുല്ലയിലിനെ പുറത്തിറക്കി കാറിനടുത്തെത്തിച്ചു

പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയില്‍ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അംഗമായിരുന്നു അനിതാ പുല്ലയില്‍. തന്റെ ഉന്നത സ്വാധീനവും ബന്ധങ്ങളും മോന്‍സണ്‍ മവുങ്കലിന്റെ പുരാവസ്ഥു തട്ടിപ്പില്‍ ഉപയോഗപ്പെടുത്തിയെന്നായിരുന്നു അനിതക്കെതിരായ പരാതി. മോന്‍സന്റെ തട്ടിപ്പുമായി ബന്ധമില്ലെന്നും കള്ളത്തരം മനസിലായപ്പോള്‍ സൗഹൃദത്തില്‍ നിന്ന് പിന്മാറിയെന്നുമാണ് ഇതു സംബന്ധിച്ച് അനിതയുടെ വിശദീകരണം. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇവരെ പ്രതിചേര്‍ത്തിട്ടില്ല.
അതേ സമയം, മോന്‍സന്‍ മാവുങ്കല്‍ കേസിലെ ഇടനിലക്കാരി അനിത പുല്ലയില്‍ നിയമസഭ സമുച്ചയത്തില്‍ കയറിയതില്‍ കൃത്യമായ ഉത്തരം നോര്‍ക്കയ്ക്കുമില്ല. ഓപ്പണ്‍ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്നാണ് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഡെലിഗേറ്റുകളുടെ പട്ടിക നോര്‍ക്ക പുറത്തുവിടാത്തതില്‍ ദുരൂഹത കൂട്ടുന്നു. നിയമസഭയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്താനാണ് സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.

പ്രത്യേക പാസുള്ളവര്‍ക്ക് മാത്രം നിയമസഭ സമുച്ചയത്തിനകത്ത് കയറാന്‍ അനുമതിയുള്ള ലോക കേരള സഭയില്‍ തട്ടിപ്പുകേസിലെ ആരോപണ വിധേയ എങ്ങനെ എത്തിയെന്നതില്‍ ദുരൂഹതയും അവ്യക്തതയും തുടരുകയാണ്. സഭാ സമുച്ചയത്തിന് പുറത്ത് കാര്‍ പോര്‍ച്ചിന് സമീപം സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് പാസ് വാങ്ങി പങ്കെടുക്കാം. എന്നാല്‍ ഇത് ഉപയോഗിച്ച് ശങ്കരനാരായണന്‍ തമ്പി ബാളിന് പുറത്തുള്ള വരാന്തയില്‍ കയറാനാകില്ല. ഇതോടെയാണ് ഓപ്പണ്‍ ഫോറത്തിന്റെ പാസ് ഉപയോഗിച്ച് അനിത അകത്തു കടന്നതാകാം എന്ന നോര്‍ക്കയുടെ വിശദീകരണം ദുരൂഹമാകുന്നത്. അതേസമയം അനിത പുല്ലയിലിനെ ലോക കേരള സഭയിലേക്ക് ക്ഷണിച്ചിരുന്നില്ലഎന്നാണ് നോര്‍ക വൈസ് ചെയര്‍മാന്‍ നല്‍കുന്ന വിശദീകരണം.