സുഹൃത്തിനെ വെട്ടിക്കൊന്ന ശേഷം ഇതരസംസ്ഥാന തൊഴിലാളി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി
സുഹൃത്തിനെ വെട്ടിക്കൊന്ന ശേഷം ഇതരസംസ്ഥാന തൊഴിലാളി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. നാഗമ്പടം ഗുഡ് ഷെഡ് റോഡിന് സമീപം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ടയാളും പ്രതിയും ഒഡീഷ സ്വദേശികളാണ്. കെട്ടിടനിര്‍മാണ തൊഴിലാളിയായ ഷഷീറിനെയാണ് സുഹൃത്ത് രാഗേന്ദ്ര ഗൗഡ വെട്ടിക്കൊലപ്പെടുത്തിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും കേരളത്തിലെത്തി കെട്ടിട നിര്‍മാണ ജോലി ചെയ്തുവരികയായിരുന്നു. ഇരുവര്‍ക്കുമിടയില്‍ നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു.
പ്രതി രാഗേന്ദ്ര ഗൗഡ ഷഷീറിനെ ഞായറാഴ്ച കോട്ടയം നഗരത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഗുഡ് ഷെഡ് റോഡിന് സമീപത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തി. കൃത്യം നടത്തിയ ശേഷം പ്രതി സമീപത്തെ റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താന്‍ ഒരാളെ കൊലപ്പെടുത്തിയെന്ന് പറഞ്ഞാണ് ഇയാള്‍ സ്റ്റേഷനിലെത്തിയത്. വിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.