തിരുവനന്തപുരത്ത് ബൈക്ക് റേസിംഗിനിടെ അപകടം ; അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിംഗിടയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. പണി നടക്കുന്ന കഴക്കൂട്ടം കാരോട് ഹൈവേയിലാണ് അപകടം ഉണ്ടായത്. അതിവേഗതയില്‍ മത്സരയോട്ടം നടത്തിയ രണ്ട് ബൈക്കുകള്‍ തമ്മില്‍ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈപ്പാസിന് സമീപത്ത് സംഘമായി എത്തിയ യുവാക്കള്‍ ബൈക്ക് റേസിംഗ് നടത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബൈക്കുകളുടെ മുന്‍വശം കൂട്ടിയിടിയില്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. വിഴിഞ്ഞം പോലീസ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പണി പൂര്‍ത്തിയായി എങ്കിലും ബൈപ്പാസിലെ പല ഇടങ്ങളും തുറന്നു കൊടുത്തിട്ടില്ല. ഇ സ്ഥലങ്ങളില്‍ യുവാക്കള്‍ ബൈക്ക് റേസിംഗ് നടത്തുന്നത് ഇപ്പോള്‍ പതിവാണ്. ബൈക്ക് റേസിങ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പോലീസ് നടത്തിയ പരിശോധനയില്‍ നാല് ബൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ അപകടകരമായ ബൈക്കോട്ടം നിയന്ത്രിക്കുന്നതിനാവശ്യമായ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം റോഡ് തുറന്നു കൊടുത്താല്‍ ഈ സാഹസം അവസാനിക്കും എന്നാണ് നാട്ടുകാര്‍ പറയുന്നത്.

https://fb.watch/dL1S-hjq5l/