ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ല ; 16കാരിയെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി

ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ 16കാരിയെ വീട്ടില്‍ കയറി കൊലപ്പെടുത്തി. ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് പരുക്കുപറ്റി. പെണ്‍കുട്ടിയുടെ പിതാവ് തെജ്വീര്‍ സിംഗിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച മഥുരയിലെ നഗ്ല ബോഹ്‌റ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു വിവാഹ ക്ഷണക്കത്തുമായി രവി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരികയായിരുന്നു.

കത്ത് വാങ്ങാന്‍ പെണ്‍കുട്ടി രവിയുടെ അടുത്തേക്ക് വന്നപ്പോള്‍ അയാള്‍ കുട്ടിയെ കുത്തി. ഇതോടെ കുട്ടിയുടെ അമ്മ സുനിത ഓടിയെത്തി. ഇയാള്‍ അവരെയും ആക്രമിച്ചു. പിന്നീട് ഇയാള്‍ സ്വയം കുത്തി മരിക്കാന്‍ ശ്രമിച്ചു. ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരുന്നതാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമെന്ന് കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയുടെ അമ്മ സുനിതയും പ്രതി രവിയും ആശുപത്രിയിലാണ്.