തടിയുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത ; തടിയുള്ള പുരുഷന്മാരോട് സ്ത്രീകള്‍ക്ക് ആകര്‍ഷണമേറുമെന്ന് പുതിയ പഠനം

മെലിഞ്ഞ് ഉയരമുള്ള സിനിമാ നടന്മാരെ പോലെ ശരീരമുള്ള പുരുഷന്മാരോടാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ആകര്‍ഷണം തോന്നുന്നതെന്നാണ് പൊതുവെയുള്ള ധാരണ. അത് വിശ്വസിച്ചു ജിമ്മില്‍ പോകുന്ന ആണുങ്ങള്‍ ഏറെയാണ് നമ്മുടെ നാട്ടില്‍. തടി കൂടിയവരോട് സ്ത്രീകള്‍ക്ക് ആകര്‍ഷണം തോന്നില്ല എന്ന ചിന്തയാണ് നമ്മുടെ നാട്ടിലെ ജിമ്മുകളില്‍ ആളുകള്‍ കൂടാന്‍ ഉള്ള ഒരു മുഖ്യ കാരണവും. അമിത വണ്ണത്തോടടുത്ത് നില്‍ക്കുന്ന ഉരുണ്ട ശരീരപ്രകൃതിയുള്ള പുരുഷന്മാര്‍ക്കിടയില്‍ ഇത് പലവിധത്തിലുള്ള അപകര്‍ഷതാബോധം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇക്കൂട്ടര്‍ക്ക് ഇത്തരത്തിലുള്ള എല്ലാ നിരാശയും മാറ്റിവയ്ക്കാം എന്നാണ് പുതിയ പഠനങ്ങള്‍. അമിത വണ്ണത്തിനോടടുക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്ക് കൂടുതലായി ആകര്‍ഷണം തോന്നുന്നുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. വണ്ണമുള്ള ആളുകള്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണെന്ന ധാരണ മുതല്‍ ലൈംഗികബന്ധത്തെക്കുറിച്ചുള്ള ചില സങ്കല്‍പ്പങ്ങള്‍ വരെ ഇതിന് കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നു. ഇത് വെറുതെ പറയുന്നത് അല്ല ഇവ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

തങ്ങളെ തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കാനും ഒപ്പം ചിരിക്കാനും സാധിക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്ക് വല്ലാതെ താല്‍പര്യം തോന്നാറുണ്ട്. ലോകം മുഴുവന്‍ നമ്മളെ ഒറ്റപ്പെടുത്തിയാലും അതൊന്നും വകവയ്ക്കാതെ ലോകത്തെ നോക്കി രണ്ട് തമാശ പറഞ്ഞ് ചിരിക്കാന്‍ ഒരു കൂട്ടുകാരനെ എല്ലാ സ്ത്രീകളും ആഗ്രഹിക്കും. വണ്ണമുള്ള പുരുഷന്മാര്‍ നല്ല തമാശക്കാരാണെന്നാണ് സ്ത്രീകള്‍ വിശ്വസിക്കുന്നത്. ഇതാണ് ആകര്‍ഷണം തോന്നാനുള്ള ഒരു കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നത്. തടിയുള്ളവരില്‍ തമാശക്കാരുണ്ടാകാം, ഇല്ലാതിരിക്കാം. എന്നാല്‍ എല്ലാവരും തമാശക്കാരാണെന്ന ധാരണ സ്ത്രീകള്‍ക്കിടയിലുണ്ടെന്ന് സര്‍വെ തെളിയിക്കുന്നു. അതുപോലെ വണ്ണമുള്ളവര്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവരായിരിക്കുമെന്ന് സ്ത്രീകള്‍ വിശ്വസിക്കുന്നു. മെലിഞ്ഞിരിക്കുന്നവര്‍ വഞ്ചിക്കാന്‍ സാധ്യതയുണ്ടെന്നും തടിച്ചവര്‍ അങ്ങനെയല്ലെന്നും വിശ്വസിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണെന്ന് മിസൗറി സര്‍വകലാശാല നടത്തിയ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഈ വിശ്വാസം പ്രണയത്തേയും സെക്സിനേയും മാത്രമല്ല പൊതുതെരഞ്ഞെടുപ്പുകളെപ്പോലും ബാധിക്കാറുണ്ടെന്നാണ് പഠനം പറയുന്നത്.

കൂടാതെ വണ്ണമുള്ളവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ തങ്ങള്‍ കൂടുതല്‍ ആകര്‍ഷകത്വമുള്ളതായി സ്ത്രീകള്‍ക്ക് തോന്നുന്നുവെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. തങ്ങള്‍ ഏത് സൈസിലുള്ളവരായാലും ഏത് ബോഡി ഷെയ്പ്പിലുള്ളവരായാലും അതെല്ലാം പ്രശംസിക്കപ്പെടുന്നതായോ അംഗീകരിക്കപ്പെടുന്നതായോ സ്ത്രീകള്‍ക്ക് തോന്നുന്നു. തങ്ങള്‍ എങ്ങനെയോ അങ്ങനെ തന്നെ ആയിരിക്കുന്നതിന്റെ യഥാര്‍ത്ഥ സന്തോഷം തടിയുള്ള പുരുഷന്മാര്‍ക്കൊപ്പം ആസ്വദിക്കാനാകുമെന്നാണ് ഒട്ടുമിക്ക സ്ത്രീകളും വിശ്വസിക്കുന്നത്. ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പ് സൂക്ഷിക്കുന്നവര്‍ക്ക് പരിണാമ ശാസ്ത്രപരമായി തന്നെ സാഹചര്യങ്ങളോടും ഏത് കഠിനമായ കാലാവസ്ഥയോടും എളുപ്പത്തില്‍ പൊരുത്തപ്പെടാനാകുമെന്ന് ബെയിലര്‍ മെഡിക്കല്‍ കോളജ് പ്രൊഫസര്‍ ഗാരാബഡ് എക്നോയന്‍ തന്റെ പ്രബന്ധത്തില്‍ പറയുന്നു. കഴിക്കുന്ന ഭക്ഷണത്തെ കൊഴുപ്പായി ശരീരത്തില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഏത് കഠിനമായ സാഹചര്യത്തില്‍ എത്തിപ്പെട്ടാലും മെലിഞ്ഞവരേക്കാള്‍ കൂടുതല്‍ ആയുസുണ്ടായേക്കാം. സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ഈ കഴിവും സ്ത്രീകള്‍ക്ക് തടിയുള്ള പുരുഷന്മാരോട് താല്‍പര്യം തോന്നാന്‍ കാരണമാകുന്നു.

ഇനി ചില കണക്കുകള്‍ നോക്കാം. അമിത വണ്ണമുള്ള ആളുകളോടാണ് കിടക്കയില്‍ തങ്ങള്‍ക്ക് കൂടുതല്‍ താല്‍പര്യം തോന്നുന്നതെന്ന് സര്‍വെയില്‍ പങ്കെടുത്ത 38 ശതമാനം സ്ത്രീകള്‍ പറയുന്നു. മസില്‍മാന്‍മാരോട് താല്‍പര്യമുള്ളത് 21 ശതമാനം പേര്‍ക്കാണ്. ആറടിയിലധികം ഉയരമുള്ളവരോട് 13 ശതമാനം സ്ത്രീകള്‍ക്കും ഉയരം കുറഞ്ഞ പുരുഷന്മാരോട് 10 ശതമാനം സ്ത്രീകള്‍ക്കും മെലിഞ്ഞ പുരുഷന്മാരോട് 9 ശതമാനം സ്ത്രീകള്‍ക്കുമാണ് താല്‍പര്യമുള്ളതെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. അതുമാത്രമല്ല തടിയുളള പുരുഷന്മാര്‍ കിടക്കയില്‍ കൂടുതല്‍ ഊര്‍ജസ്വലരായിരിക്കുമെന്നാണ് ഒട്ടുമിട്ട സ്ത്രീകളും വിശ്വസിക്കുന്നതെന്ന് പഠനം പറയുന്നു. ബോഡി മാസ് ഇന്‍ഡക്സ് കൂടിയ പുരുഷന്മാര്‍ക്ക് മെലിഞ്ഞ പുരുഷന്മാരേക്കാള്‍ 7.3 മിനിറ്റുകള്‍ കൂടി വേഴ്ചയിലേര്‍പ്പെടാന്‍ സാധിക്കുമെന്നാണ് ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഇംപൊട്ടെന്‍സ് നടത്തിയ പഠനത്തില്‍ തെളിയുന്നത്. കിടക്കയില്‍ പങ്കാളിയെ കൂടുതല്‍ കംഫര്‍ട്ടബിളാക്കാന്‍ തടിയുള്ള പുരുഷന്മാര്‍ക്ക് സാധിക്കുമെന്നും ഭൂരിഭാഗം സ്ത്രീകളും വിശ്വസിക്കുന്നു.