ലോകത്തിലെ ആദ്യ ‘ഒഴുകിനടക്കുന്ന റെസ്റ്റോറന്റ്’ അപകടത്തില്‍ പെട്ട് മുങ്ങി
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയുടെ ടൂറിസ്റ്റ് അട്രാക്ഷന്‍ ആയിരുന്ന ഒഴുകിനടക്കുന്ന റെസ്റ്റോറന്റ്’ അപകടത്തില്‍ പെട്ട് മുങ്ങി എന്ന് വാര്‍ത്തകള്‍. അമ്പത് വര്‍ഷം നീണ്ട പ്രവര്‍ത്തനത്തിന് ശേഷം ഒഴുകിനടക്കുന്ന ഈ റെസ്റ്റോറന്റ് ഇപ്പോള്‍ അപകടത്തില്‍ പെട്ട് മുങ്ങിയിരിക്കുന്നു എന്നതാണ് വാര്‍ത്ത. സൗത്ത് ചൈനയില്‍ വച്ചാണ് അപകടം. റെസ്റ്റോറന്റിലുണ്ടായിരുന്ന ജീവനക്കാരടക്കം ആര്‍ക്കും ഒരപകടവും സംഭവിച്ചിട്ടില്ല. ശനിയാഴ്ചയാണ് റെസ്റ്റോറന്റ് ചില സാങ്കേതിക തകരാര്‍ മൂലം മുങ്ങാന്‍ തുടങ്ങിയത്. അപകടം മനസിലാക്കിയ ഉടന്‍ തന്നെ ആളപായമില്ലാതിരിക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. റെസ്റ്റോറന്റിനെ പിടിച്ചുനിര്‍ത്താനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാലിതെല്ലാം പരാജയപ്പെട്ടതോടെ ഞായറാഴ്ച റെസ്റ്റോറന്റ് വെള്ളം കയറി മറിയുകയായിരുന്നു.
ഏറെ ദുഖിപ്പിക്കുന്ന സംഭവമാണിതെന്നാണ് റെസ്റ്റോറന്റിന്റെ ഉടമസ്ഥരായ ‘അബര്‍ഡീന്‍ റെസ്റ്റോറന്റ് എന്റര്‍പ്രൈസസ്’ അറിയിച്ചത്. ഇവര്‍ തന്നെയാണ് അപകടത്തില്‍ ആര്‍ക്കും പരുക്കുകളോ പ്രശ്‌നങ്ങളോ സംഭവിച്ചിട്ടില്ലെന്നും അറിയിച്ചത്. ഒരുകാലത്ത് ലോകത്തിലെ തന്നെ ശ്രദ്ധേയമായ ടൂറിസ്റ്റുകളുടെ കേന്ദ്രമായിരുന്ന ഹോങ്കോങിന്റെ ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ് കൊവിഡ് കാലമായതോടെ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. 2020 മുതല്‍ ഇത് അടച്ചിട്ട നിലയിലായിരുന്നു. പിന്നീട് തുറന്നെങ്കിലും നഷ്ടത്തില്‍ തന്നെയായിരുന്നു മുന്നോട്ടുപോയത്. ഏതാണ്ട് ഒരു ദശാബ്ധത്തോളമായി ഒഴുകുന്ന റെസ്റ്റോറന്റ് കാര്യമായ ലാഭം ഉടമസ്ഥര്‍ക്ക് ഉണ്ടാക്കിക്കൊടുത്തിട്ടില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ കൊവിഡ് കൂടി വന്നതോടെ റെസ്റ്റോറന്റ് വലിയ ബാധ്യതയിലാവുകയായിരുന്നു. എലിസബത്ത് രാജ്ഞി 2, ഹോളിവുഡ് നടന്‍ ടോം ക്രൂസ് എന്നിവരടക്കം ലോകപ്രശസ്തരായ പലരും സന്ദര്‍ശിച്ചയിടമാണ് ഹോങ്കോങിന്റെ ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ്. ഇനിയത് ചരിത്രത്തില്‍ ഒരോര്‍മ്മയായി അവശേഷിക്കാന്‍ പോവുകയാണ്.