പ്ലസ് ടു വിജയശതമാനത്തില്‍ കുറവ് ; ഇത്തവണ 83.87% വിജയം
ഈ വര്‍ഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.87 തമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 87.94 % ആയിരുന്നു. വിഎച്ച്എസ്ഇക്ക് 78.26 ശതമാനമാണ് വിജയം. പ്ലസ് ടുവിന് വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോടും (87.79 %) കുറവും വയനാടും (75.07%). 78 സ്‌കൂളുകള്‍ നൂറുമേനി വിജയം നേടി. മുന്‍ വര്‍ഷം 136 സ്‌കൂളുകളാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് മലപ്പുറത്തും ഏറ്റവും കുറവുപേര്‍ പരീക്ഷ എഴുതിയത് വയനാട്ടിലുമാണ്.
മൂല്യ നിര്‍ണയത്തിന് ശേഷം 20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിക്കുന്നത്. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. സേ, ഇംപ്രൂവ്‌മെന്റ പരീക്ഷക്ക് ഈ മാസം 25 വരെ അപേക്ഷിക്കാം. പ്ലസ് ടുവിന് റഗുലര്‍ വിഭാഗത്തില്‍ 3,61,091 പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ വിജയിച്ചു. സയന്‍സ് വിഭാഗത്തില്‍ 86. 14 %പേരും ഹുമാനിറ്റീസില്‍ 75.61 % പേരും ടെക്‌നിക്കല്‍ വിഭാഗത്തില്‍ 68.71 %പേരും ആര്‍ട്‌സ് വിഭാഗത്തില്‍ 86.57 % പേരും വിജയിച്ചു. 28450 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കൂടുതല്‍ കുട്ടികള്‍ എ പ്ലസ് നേടിയത് മലപ്പുറത്താണ്, 4283 പേര്‍.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 81.72 ശതമാനമാണ് വിജയം. എയ്ഡഡ് സ്‌കൂളുകളില്‍ 86.02 %പേരും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 81.12 %പേരും വിജയിച്ചു. ഓപ്പണ്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ 21, 185 പേര്‍ വിജയിച്ചു. 47.19 %ആണ് വിജയം. വിഎച്ച്എസ്ഇയില്‍ പരീക്ഷ എഴുതിയ 29,711 പേരില്‍ 23,251 പേര്‍ വിജയിച്ചു. വിജയശതമാനം കൂടുതല്‍ കൊല്ലത്തും കുറവ് കാസര്‍ഗോഡുമാണ്. 178 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്കില്ല . കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഇല്ല.