അന്താരാഷ്ട്ര യോഗദിനം ; മാലദ്വീപില്‍ യോഗ പരിപാടിക്ക് വന്ന ഇന്ത്യക്കാരെ അടിച്ചോടിച്ചു

മാലിയില്‍ ഇന്ത്യന്‍ പൗരന്മാര്‍ സംഘടിപ്പിച്ച ലോക യോഗദിന പരിപാടിക്കെത്തിയവരെ വടികളുമായി എത്തിയ സംഘം അടിച്ചോടിച്ചു. മൈതാനത്ത് യോഗഭ്യാസം നടക്കുന്നതിനിടെ വടികളുമായി എത്തിയ സംഘം യോഗ ചെയ്യുന്നവരെ മര്‍ദിക്കുകയായിരുന്നു. മാലദ്വീപ് നാഷണല്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇരിപ്പിടങ്ങളും ഭക്ഷണവുമെല്ലാം നശിപ്പിച്ചശേഷമാണ് അക്രമിസംഘം മടങ്ങിയത്. തീവ്രനിലപാടുള്ള സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും സമഗ്ര അന്വേഷണം പ്രഖ്യാപിച്ചതായും മാലദ്വീപ് സര്‍ക്കാര്‍ അറിയിച്ചു.

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യുവജന, കായിക, സമൂഹിക ശാക്തീകരണ മന്ത്രാലയവുമായി സഹകരിച്ചാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ യോഗ പരിപാടി സംഘടിപ്പിച്ചത്. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചവര്‍ യോഗാ ദിനാചരണം നിര്‍ത്തിവെക്കണമെന്നും സദസ്സിലുള്ളവര്‍ ഉടന്‍ സ്റ്റേഡിയം ഒഴിയണമെന്നും ആവശ്യപ്പെട്ടു. അക്രമിസംഘം കടന്നുകയറുമ്പോള്‍ നിരവധി നയതന്ത്രജ്ഞരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാലിദ്വീപ് സര്‍ക്കാരിലെ മന്ത്രിമാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് പറഞ്ഞു. സംഭവത്ത ഗൗരവസ്വഭാവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാരെ നിയമിത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട അക്രമത്തിന്റെ വീഡിയോയില്‍, യോഗ അഭ്യസിക്കുന്ന ആളുകള്‍ക്ക് നേരെ വടികളും കൊടികളുമായി ആയുധങ്ങളുമായി അക്രമികള്‍ മര്‍ദിക്കുന്നത് കാണാം. രാജ്ജെ ടിവി പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ പ്രതിഷേധക്കാര്‍ വേദി നശിപ്പിച്ചതും പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണങ്ങള്‍ ചവറ്റുകുട്ടയില്‍ തള്ളുന്നതും കാണാം. സംഘര്‍ഷം അക്രമാസക്തമാകുന്നത് തടയാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.