പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹ

യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവും. ഡല്‍ഹിയില്‍ ചേര്‍ന്ന 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മുന്‍ ധനമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ വിട്ട യശ്വന്ത് സിന്‍ഹ കഴിഞ്ഞ വര്‍ഷമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സിന്‍ഹ അംഗീകരിച്ചതോടെയാണ് സ്ഥാനാര്‍ഥിത്വത്തിന് വഴിതെളിഞ്ഞത്.

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, നാഷ്ണല്‍ കോണ്‍ഫറന്‍സ് തലവന്‍ ഫാറൂഖ് അബ്ദുള്ള എന്നിവര്‍ രാഷ്ട്രതി സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനു പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ യശ്വന്ത് സിന്‍ഹയുടെ പേര് ഉയര്‍ന്നുവന്നത്. ‘ മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ എനിക്കു നല്‍കിയ ആദരവിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും ഞാന്‍ നന്ദിയുള്ളവനാണ്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കേണ്ട സമയം വന്നിരിക്കുന്നു. അതിന് അവര്‍ അനുമതി നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” – യശ്വന്ത് സിന്‍ഹ നേരത്തേ ട്വീറ്റ് ചെയ്ത വാക്കുകളാണിത്.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 29 ആണ്. ജൂലൈ 18നാണ് വോട്ടെടുപ്പ്. ജൂലൈ 21നാണ് വോട്ടെണ്ണല്‍ നടത്തുക. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജുലൈ 24നാണ് അവസാനിക്കുന്നത്. 2018ല്‍ ബിജെപി വിട്ടതിനു ശേഷമാണ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.