ഇഡിയെ വലിയ വിഷയമല്ല ; യുവാക്കളുടെ തൊഴിലില്ലായ്മയാണ് വലിയ പ്രശ്‌നം ; രാഹുല്‍ ഗാന്ധി
ഇഡി ഒന്നുമല്ലന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇഡിയെ ഭയമില്ല എത്ര മണിക്കൂര്‍ ചോദ്യം ചെയ്താലും ഭയക്കില്ല. കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂര്‍ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുല്‍ ഇഡി ഓഫീസില്‍ നിന്നും മടങ്ങിയത്. ഇനി അടുത്ത ആഴ്ചയെ ചോദ്യം ചെയ്യലുള്ളൂവെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പ്രേരിതമായാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികളും പ്രവര്‍ത്തകരും ദില്ലിയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വന്‍ പ്രതിഷേധത്തിന് ഇടയായിരുന്നു . ഇതിനെയെല്ലാം തുടര്‍ന്ന് ഇന്ന് രാഹുല്‍ഗാന്ധി എ ഐ സി സി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.
ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അഗ്‌നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് പോരാട്ടം നടത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പദ്ധതി പിന്‍വലിക്കും വരെ പോരാട്ടം തുടരും. കോണ്‍ഗ്രസ് രാജ്യത്തെ യുവാക്കള്‍ക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകള്‍ ഇല്ലാതാക്കി. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നില്ല. അവരെ തെരുവിലിറക്കിയെന്നും രാഹുല്‍ ആരോപിച്ചു, സൈന്യത്തില്‍ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷയും ഈ സര്‍ക്കാര്‍ തകര്‍ത്തു. റാങ്കുമില്ല, പെന്‍ഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയും രാഹുല്‍ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഡോടെക്‌സ് മെര്‍ക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലില്‍ നിന്നും വിവരങ്ങള്‍ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം രാഹുല്‍ തേടിയിട്ടുണ്ട്. സോണിയ ഗാന്ധിയോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആരോഗ്യ പ്രശനങ്ങള്‍ ഉള്ളതിനാല്‍ സോണിയ ഹാജരാകില്ല. പകരം സമയം നീട്ടി ചോദിക്കും. അതേസമയം പ്രതിഷേധം തുടരാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്ന് കേരളത്തില്‍ നിന്നടക്കം കൂടുതല്‍ നേതാക്കളും എംഎല്‍എമാരും ദില്ലിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കും.