ഭാര്യയും കാമുകനും ദ്രോഹിക്കുന്നു ; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടശേഷം അച്ഛനും മകനും ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി ആത്മഹത്യ ചെയ്തു
ഭാര്യക്കും കാമുകനും സുഹൃത്തുക്കള്‍ക്കും എതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം ഭര്‍ത്താവ് മകനെയും കൊണ്ട് കാര്‍ ടാങ്കര്‍ ലോറിയിലേട്ട് ഇടിച്ചുകയറ്റി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങല്‍ മാമത്താണ് അപകടം. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ ടാങ്കര്‍ ലോറിയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് വിവരം. നെടുമങ്ങാട് കരിപ്പൂര്‍ മല്ലമ്പ്രക്കോണത്ത് പ്രകാശ് ദേവരാജനും (50) മകനുമാണ് (12) മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. അതേസമയം മരണത്തിന് കാരണം ഭാര്യയും സുഹൃത്തുക്കളുമാണെന്ന് എഫ്ബിയില്‍ പോസ്റ്റിട്ട് ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി ജീവനൊടുക്കിയ പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍.
”അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..”, മകള്‍ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ നോവ് നിറയ്ക്കുന്നതാണ്. അങ്ങ് ദൂരെ നക്ഷത്രങ്ങള്‍ക്ക് ഇടയില്‍ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയില്‍ എതിരെ വന്ന ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്. മകള്‍ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ എന്ന് പ്രകാശ് കത്തില്‍ പറയുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പില്‍ശാല സ്വദേശി അനീഷ്, ദുബൈയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്‌റൈനില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്ന മുനീര്‍, അനീഷിന്റെ അമ്മ പ്രസന്ന എന്നിവര്‍ ആണെന്ന് കത്തില്‍ പറയുന്നത്.
ഭാര്യ ഉള്‍പ്പെടുന്ന നാലുപേര്‍ തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും അത്രയേറെ ദ്രോഹിച്ചു എന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരന്‍ ആക്കിയെന്നും കത്തില്‍ പ്രകാശ് പറയുന്നു. ഇവര്‍ക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാന്‍ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടില്‍ എത്തിച്ചു അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു. അനീഷ് എന്ന യുവാവ് ഇപ്പോള്‍ ബഹ്‌റൈനില്‍ തന്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തന്റെയും മക്കളുടെയും തകര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ ആരും നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടരുത് എന്നും തന്റെയും മകന്‍ ശിവദേവിന്റെയും മരണമൊഴി ആണ് ഇതെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവര്‍ക്കും എതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. അങ്ങ് ദൂരെ നക്ഷത്രങ്ങള്‍ക്ക് ഇടയില്‍ ഇരുന്ന് തങ്ങള്‍ ഇതൊക്കെ കാണണം എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഈ കത്താണ് അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് പൊലീസിന് ലഭിച്ചത്. കത്തില്‍ സൂചിപ്പിക്കുന്ന നാലുപേര്‍ക്ക് എതിരെ പ്രകാശ് രണ്ട് ദിവസം മുന്‍പ് വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.