ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണക്കേസ് ; ജിഷ്ണുവിനെതിരെ പരാതി നല്‍കിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ; വെട്ടിലായി സി പി എം

കോഴിക്കോട് ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട മര്‍ദ്ദന കേസില്‍ വെട്ടിലായി സി പി എം ഡി വൈ എഫ് ഐ നേതൃത്വം. മര്‍ദ്ദനമേറ്റ ജിഷ്ണുവിനെതിരെ പരാതി നല്‍കിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നജാഫ് ഫാരിസാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നജാഫ് ഫാരിസ് പൊലീസ് കസ്റ്റഡിയിലാണ്. നജാഫിന്റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി വന്നത്. അതേസമയം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കേസില്‍ നിന്നൊഴിവാക്കാന്‍ പൊലീസിന് മേല്‍ സമ്മര്‍ദ്ദം നടക്കുന്നുണ്ട്. എന്നാല്‍, നാജാഫ് ഡിവൈഎഫ്‌ഐ സജീവ പ്രവര്‍ത്തകന്‍ അല്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് പറയുന്നു. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആള്‍ക്കൂട്ട ആക്രമണമല്ല ബോധപൂര്‍വം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപം ആയിരുന്നു നടന്നതെന്നും വസീഫ് പ്രതികരിച്ചു.

കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്സാലി, മുഹമ്മദ് ഇജാസ് തുടങ്ങിയവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ 29 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കസ്റ്റഡിയിലുള്ളവരുടെ രാഷ്ട്രീയ ബന്ധം തല്‍ക്കാലം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവര്‍ക്കായി അന്വേഷ’ം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. എസ്ഡിപിഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയില്‍ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചുവെന്നും എഫ്‌ഐആറിലുണ്ട്.