ചിലവ് കൂടി ; വരിക്കാരുടെ എണ്ണം കുറഞ്ഞു ; ജീവനക്കാരെ പിരിച്ചു വിട്ട് നെറ്റ്ഫ്‌ലിക്‌സ്

ലോകത്തെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ മുന്‍നിരയില്‍ ആണ് സ്ഥാനം എങ്കിലും നെറ്റ്ഫ്‌ലിക്‌സിന്റെ സമയം അത്രയ്ക്ക് നല്ലതല്ല ഇപ്പോള്‍. ചിലവ് കൂടുന്നത് അനുസരിച്ച് ഇപ്പോള്‍ വരിക്കാര്‍ ഇല്ലാത്തത് അവര്‍ക്ക് തിരിച്ചടിയായി മാറിക്കഴിഞ്ഞു. അത് മൂലം ഉണ്ടാകുന്ന നഷ്ടം കുറയ്ക്കാന്‍ ഇപ്പോള്‍ ജീവനക്കാരെ പിരിച്ചുവിടുകയാണ് അവര്‍. കഴിഞ്ഞ ദിവസം തങ്ങളുടെ നാല് ശതമാനം ജീവനക്കാരെയാണ് അവര്‍ പിരിച്ചുവിട്ടത്. ഏകദേശം 300 പേര്‍ക്കാണ് ഇതോടെ ജോലി നഷ്ടമായത്. വരിക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് കമ്പനി ചെലവ് കുറയ്ക്കുന്നതിലേക്ക് നീങ്ങിയതും ജീവനക്കാരെ പിരിച്ചുവിട്ടതും.

നൂറ്റിയമ്പതോളം പേര്‍ക്കാണ് അമേരിക്കയില്‍ മാത്രം ഈ തീരുമാനത്തിലൂടെ ജോലി നഷ്ടമാകുകയെന്നാണ് റിപ്പോര്‍ട്ട്. നെറ്റ്ഫ്‌ലിക്‌സില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമാകുന്നതും അമേരിക്കയില്‍ ആയിരിക്കും. തങ്ങള്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നുണ്ടെന്നാണ് നെറ്റ്ഫ്‌ലിക്‌സ് അവകാശപ്പെടുന്നത്. എന്നാല്‍ വരുമാനം മന്ദഗതിയിലാണ് വളരുന്നത്. ഈ സാഹചര്യത്തില്‍ ചെലവ് കുറയ്‌ക്കേണ്ടത് അത്യാവശ്യമായി. അത് കൊണ്ടാണ് ജീവനക്കാരെ പിരിച്ചു വിടുന്നത് എന്നും നെറ്റ്ഫ്‌ലിക്‌സ് വ്യക്തമാക്കി. വരിക്കാരുടെ എണ്ണം കുറഞ്ഞത് കമ്പനിയെ കടുത്ത സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ചെലവ് കുറഞ്ഞ പുതിയ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. കൂടാതെ പരസ്യം അടക്കം ഉള്‍പ്പെടുത്തുന്നതും കമ്പനിയുടെ പരിഗണനയിലുണ്ട്.