വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ SFI അക്രമം ; ജീവനക്കാരെ മര്‍ദിച്ച ശേഷം ഓഫീസ് അടിച്ചു തകര്‍ത്തു

വയനാട് എം പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഓഫിസിനു നേരെ എസ് എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം. ബഫര്‍ സോണ്‍ വിഷയത്തിലാണ് രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പരിസ്ഥിതി ലോല ഉത്തരവിനെതിരെ എം പി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്ഐയുടെ മാര്‍ച്ച്. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഓടിക്കയറുകയും ഓഫീസിനകത്തെ ഫര്‍ണീച്ചര്‍ ഉള്‍പ്പടെ തകര്‍ക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിക്കുകയൂം ചെയ്തു.

എംപി എന്ന നിലയില്‍ ഇക്കാര്യത്തില്‍ യാതൊരു ഇടപെടല്‍ നടത്തുന്നില്ലെന്ന് സിപിഎമ്മും എല്‍ഡിഎഫും ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്ത് നല്‍കുക മാത്രമാണ് ഉണ്ടായത്. എന്നാല്‍ കത്തയേക്കണ്ടത് മുഖ്യമന്ത്രിക്കല്ലെന്നും പ്രധാനമന്ത്രിക്കാണെന്നും സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എസ്എഫ്ഐയുടെ പ്രതിഷേധ നേതൃത്വത്തില്‍ എം പി ഒഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ആക്രമസക്തമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ നൂറോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ എസ്എഫ്ഐ പ്രവര്‍ത്തകര’ രോഡ് ഉപരോധിച്ചു.

എസ്എഫ്‌ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നാണ് ഡിസിസി പ്രസിഡന്റിന്റെ ആരോപണം. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി ദുര്‍ബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ രാഹുല്‍ ഗാന്ധി ഇന്നലെ ചര്‍ച്ച ചെയ്തിരുന്നു. മലബാറില്‍ നിന്നുള്ള എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയ രാഹുല്‍ ഗാന്ധി, വയനാട്ടിലെ സാഹചര്യം വിലയിരുത്തിയിരുന്നു.

നിര്‍ദ്ദേശത്തില്‍ ഭേദഗതിക്ക് വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ബഫര്‍ സോണുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് കേരളത്തില്‍ ഉയര്‍ന്നിട്ടുള്ളത്. ബഫര്‍ സോണ്‍ കൂടുതല്‍ ബാധിക്കുന്ന വയനാട്, ഇടുക്കി അടക്കമുള്ള ജില്ലകളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടന്നത്.