നാളെ സംസ്ഥാനത്തെ എല്ലാ മദ്യവില്‍പനശാലകളും ബാറുകളും അടച്ചിടും

നാളെ സംസ്ഥാനത്തെ എല്ലാ മദ്യവില്‍പനശാലകളും ബാറുകളും അടച്ചിടും. നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ബിവറേജസ് കോര്‍പ്പറേഷന്റേയോ കണ്‍സ്യൂമര്‍ ഫെഡിന്റേയോ മദ്യവില്‍പന ശാലകളും പ്രീമിയം മദ്യവില്‍പനശാലകളും നാളെ തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകള്‍ക്കും നാളെ അവധി ബാധകമായിരിക്കും. ജൂണ്‍ 26-നാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധം ദിനം. ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ ദിവസം മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയത്. മദ്യഷോപ്പുകള്‍ക്ക് അവധിയായിരിക്കുമെന്ന വാര്‍ത്ത സാമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സംസ്ഥാനത്തെ മദ്യവില്‍പനശാലകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 1987-ല്‍ ഐക്യരാഷ്ട്രസഭ മുന്‍കൈയ്യെടുത്താണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം തുടങ്ങിയത്.

അതേസമയം സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളേയും സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയില്‍ വില്‍പ്പന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍ അറിയിച്ചു . ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് മാറ്റമുണ്ടാക്കും. ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം മദ്യം തെരഞ്ഞെടുക്കാവുന്ന വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങും. ഇതിനായി അടിസ്ഥാന സൗകര്യം ഉറപ്പാക്കും. മദ്യവില കുറയ്ക്കാന്‍ അടുത്തയാഴ്ചയോടെ നടപടി തുടങ്ങും. ഐടി പാര്‍ക്കുകളില്‍ ആവശ്യപ്പെട്ടാല്‍ മദ്യ ലൈസന്‍സ് നല്‍കുമെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു