രാഹുല്‍ ഗാന്ധി വയനാട്ടില്‍ ; പ്രതിഷേധം കടുപ്പിച്ചു കോണ്‍ഗ്രസ്സ്
ഓഫീസ് ആക്രമണം നടന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുക. വ്യാഴാഴ്ചയാണ് രാഹുല്‍ വയനാട്ടില്‍ എത്തുക. വന്‍ സ്വീകരണമൊരുക്കുമെന്ന് ഡിസിസി അറിയിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കല്‍പറ്റയില്‍ യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടക്കും.വിഷയം ദേശിയ തലത്തില്‍ വന്‍ വാര്‍ത്തയായി മാറിക്കഴിഞ്ഞു. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ആക്രമണത്തിന് എതിരെ രംഗത്ത് വന്നു.സംഭവത്തില്‍ ഇതുവരെ 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്ന് പൊലീസ് നടപടിയുണ്ടാകും.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ അന്വേഷണം നടത്തുന്നതിനായി പോലീസ് ആസ്ഥാനത്തെ എഡിജി പിയെ ചുമതലപ്പെടുത്തി.അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവ സ്ഥലത്ത് ചുമതലയില്‍ ഉണ്ടായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി അടിയന്തിരമായി സസ്‌പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം സമരത്തെയും ആക്രമത്തെയും തള്ളി. സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ സംഘടനാ നടപടി സ്വീകരിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു. സംരക്ഷിത വനമേഖലയുടെ ബഫര്‍ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാന്‍ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ വന്‍ കോണ്‍ഗ്രസ് റാലി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ മുരളീധരന്‍, കെസി വേണുഗോപാല്‍, എംകെ രാഘവന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് ആയിരത്തിയഞ്ഞൂറിലേറെ പേരെ അണിനിരത്തിയാണ് റാലി. സിവില്‍ സ്റ്റേഷന്‍ പരിസരത്തെ എംപി ഓഫീസില്‍ നിന്നും ആരംഭിച്ച റാലി പിണങ്ങോട് വരെ നീണ്ടു. റാലിക്കിടെ പലയിടത്ത് വെച്ചും കോണ്‍ഗ്രസ് മുസ്ലിം ലീഗ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ചിലയിടത്ത് വെച്ച് ഉന്തും തള്ളുമുണ്ടായി. ഒരു ഘട്ടത്തില്‍ പൊലീസിനെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമവും നടന്നു. കല്‍പ്പറ്റ ജംഗ്ഷന്‍ പരിസരത്ത് വെച്ചും പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഷാഫി പറമ്പില്‍ എം എല്‍എ അടക്കമുള്ള നേതാക്കള്‍ ഉടന്‍ സ്ഥലത്ത് എത്തി പ്രവര്‍ത്തകരെ അനുനയിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സിപിഎം, കോണ്‍ഗ്രസ് ഓഫീസ് പരിസരമുള്‍പ്പെടെ ജില്ലയില്‍ കനത്ത ജാഗ്രത തുടരുകയാണ്.