തോക്ക് നിയന്ത്രണ ബില്ലില്‍ ഒപ്പുവച്ച് അമേരിക്കയില്‍ പുതുചരിത്രം കുറിച്ച് പ്രസിഡന്റ് ജോ ബൈഡന്‍

അമേരിക്കയില്‍ തുടര്‍ക്കഥയാകുന്ന കൂട്ടവെടിവെയ്പ്പുകള്‍ക്ക് അന്ത്യം കുറിക്കാനായി തോക്ക് നിയന്ത്രണ ബില്ലില്‍ ഒപ്പുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഏറെക്കാലമായി ഉയര്‍ന്നു കേള്‍ക്കുന്ന ആവശ്യമാണ് എങ്കിലും പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അമേരിക്കയില്‍ തോക്ക് നിയന്ത്രണം കൊണ്ടുവരുന്നത്. നിയമം നിലവില്‍ വരുന്നതോടെ നിരവധി ജീവനുകള്‍ സംരക്ഷിക്കപ്പെടുമെന്ന് ബൈഡന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് തോക്ക് നിയന്ത്രണ ബില്‍ യുഎസ് സെനറ്റ് പാസാക്കിയത്. 193ന് എതിരെ 234 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭയില്‍ ബില്‍ പാസായത്. വെള്ളിയാഴ്ച ബില്ലിന് വൈറ്റ് ഹൗസ് അംഗീകാരം നല്‍കി. രണ്ട് ഉച്ചകോടികള്‍ക്കായി യൂറോപ്പിലേക്ക് പോകാനൊരുങ്ങുന്ന ബൈഡന്‍ അതിനു മുന്‍പ് തന്നെ ബില്ലില്‍ ഒപ്പിടുകയായിരുന്നു.

നിയമം നിലവില്‍ വരുന്നതോടെ 21 വയസില്‍ താഴെയുള്ളവര്‍ക്ക് തോക്ക് ലഭിക്കാന്‍ കര്‍ശന നിബന്ധനകളുണ്ടാവും. തോക്ക് അനുവദിക്കുന്നതിനു മുന്‍പ് അപേക്ഷകരുടെ പശ്ചാത്തലം വിശദമായി പരിശോധിക്കും. അമേരിക്കയില്‍ പിസയും ബര്‍ഗ്ഗറും ലഭിക്കുന്നതിനേക്കാള്‍ വളരെ സിംപിളായി ആര്‍ക്ക് വേണമെങ്കിലും തോക്ക് സ്വന്തമാക്കാം. അതുകൊണ്ടു തന്നെ ചെറിയ പ്രശ്‌നങ്ങള്‍ക്ക് വരെ മറ്റുള്ളരെ വെടിവെച്ചു കൊല്ലാന്‍ അവിടുള്ളവര്‍ മടിക്കാറില്ല. അത്തരത്തില്‍ അടുത്ത കാലത്തായി ധാരാളം നിരപരാധികള്‍ കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണം വരുന്നതോടെ ഇതിനു ഒരു കുറവ് വരും എന്നാണ് കരുതുന്നത്.