യാത്രക്കിടെ വിമാനത്തിലെ എ സി ഓഫായി ; യാത്രക്കാരുടെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറല്‍
വിമാനയാത്രയ്ക്കിടെ എസി പ്രവര്‍ത്തനം നിലച്ചാല്‍ എന്ത് സംഭവിക്കും? സ്ഥിരമായി വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അതിന്റെ ഭീകരത മനസിലാവും. അടച്ചുറപ്പുള്ള ഒരിടത്ത് ഒട്ടേറെ പേര്‍ ഒരുമിച്ച് കൂടിയിരിക്കുമ്പോള്‍ എസി ഇല്ലാതായാല്‍ അത് തീര്‍ച്ചയായും അസ്വസ്ഥതപ്പെടുത്തുന്ന സംഗതി തന്നെയാണ്. ഭൂമിയിലൂടെ ആണ് എങ്കില്‍ ജനാലകള്‍ എങ്കിലും തുറന്നിടാം. എന്നാല്‍ ആകാശത്തു എന്ത് വന്നാലും അനുഭവിക്കുകയെ നിര്‍വാഹമുള്ളു. അത്തരത്തില്‍ കഴിഞ്ഞ ആഴ്ചയിലാണ് ഡെറാഡൂണില്‍ നിന്ന് പുറപ്പെട്ട ‘ഗോ ഫസ്റ്റ്’ ( Go First ) വിമാനത്തില്‍ എസി പ്രവര്‍ത്തനം നിലച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം വാര്‍ത്തകളിലും ഇടം നേടിയത്.
എസിയില്ലാതെ ( AC stopped ) ഏറെ നേരം വിമാനത്തിനകത്ത് തുടര്‍ന്നതോടെ മൂന്ന് യാത്രക്കാര്‍ അസ്വസ്ഥതകളോടെ ബോധരഹിതരായി. ക്യാന്‍സര്‍ രോഗി അടക്കമുള്ള പല യാത്രക്കാരും ദേഹാസ്വസ്ഥത മൂലം ദുരിതത്തിലായി. ചിലര്‍ ചൂട് സഹിക്കാനാകാതെ ദേഷ്യപ്പെടുകയും ചിലര്‍ അടഞ്ഞ മുറിയില്‍ അകപ്പെടുന്നതിന്റെ മാനസിക പ്രശ്‌നമായ ‘ക്ലോസ്‌ട്രോഫോബിയ മൂലം പരിഭ്രാന്തരാവുകയും ചെയ്തു. ടിവി അവതാരകയായ രോഷ്‌നി വാലിയ ആണ് വിമാനയാത്രയ്ക്കിടെ നടന്ന അസാധാരണസംഭവം വീഡിയോ ആയി പകര്‍ത്തി ട്വിറ്ററില്‍ പങ്കുവച്ചത്. ഇവരും സംഭവം നടക്കുമ്പോള്‍ വിമാനത്തിലുണ്ടായിരുന്നു എന്നാണ് സൂചന. ജി8 2316 വിമാനത്തിലാണ് സംഭവം നടന്നിരിക്കുന്നത്.
‘എല്ലാവരും ചൂട് കൊണ്ട് കഷ്ടപ്പെടുകയാണ്. 5.30നാണ് ഫ്‌ളൈറ്റ് എടുത്തത്. ഇപ്പോള്‍ സമയം 6. 20 ആയിരിക്കുന്നു. ഇപ്പോഴും എസി പ്രവര്‍ത്തിക്കുന്നില്ല. ഒരു ക്യാന്‍സര്‍ രോഗി ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് ക്ലോസ്‌ട്രോഫോബിയ ആണ്. എസി പ്രവര്‍ത്തിക്കുന്നില്ലെന്ന കാര്യം അറിയാമെങ്കില്‍ ഇവര്‍ ഫ്‌ളൈറ്റ് എടുക്കരുതായിരുന്നു. 12,000 രൂപയാണ് ഞങ്ങള്‍ ടിക്കറ്റിന് നല്‍കിയിരിക്കുന്നത്. എന്തിനാണത്? ദയവായി എന്തെങ്കിലും ചെയ്യൂ. ഗോ ഫസ്റ്റിനെതിരെ നടപടി സ്വീകരിക്കൂ…’- വീഡിയോയില്‍ വിമാനയാത്രികയായ സ്ത്രീ പറയുന്നു. വില കുറഞ്ഞ രീതിയില്‍ വിമാനയാത്ര നടത്താമെന്ന പരസ്യത്തിലൂടെയാണ് ‘ഗോ ഫസ്റ്റ്’ ( Go First ) ശ്രദ്ധേയമായിട്ടുള്ളത്. അടുത്തിടെയായി ഇവരുടെ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് വിവാദം വന്നിരിക്കുന്നത്. സംഭവം അന്വേഷിക്കാമെന്ന് ‘ഗോ ഫസ്റ്റ്’ രോഷ്‌നിയുടെ വീഡിയോക്ക് താഴെ അറിയിച്ചെങ്കിലും പരാതിയുമായി കൂടുതല്‍ യാത്രക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
@GoFirstairways G8 2316 was one of the worst experiences!With Ac’s not working & a full flight,suffocation struck passengers had no way out,sweating profusely paranoid passengers were on the verge of collapsing.3 ppl fainted,a chemo patient couldn’t even breathe.#complaint pic.twitter.com/mqjFiiQHKF
— Roshni Walia (@roshniwalia2001) June 14, 2022