ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ വീട് സിപിഎം ഏര്യ കമ്മിറ്റി അംഗവും പാര്‍ട്ടിക്കാരും ചേര്‍ന്ന് അടിച്ചു തകര്‍ത്തു

തിരുവനന്തപുരം പാറശാലയില്‍ ആണ് പാര്‍ട്ടിക്കാരുടെ തമ്മിലടി.ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ വീട് സിപിഎം പാറശാല ഏര്യ കമ്മിറ്റി അംഗവും സംഘവും അടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊഴിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണം എന്നാണ് പോലീസ് ഭാഷ്യം. ഇന്നലെയാണ് പുതിശേരി ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി നൈസാമിന്റെ വീട് ആക്രമിക്കപ്പെട്ടത്. പാറശാല ഏര്യ കമ്മിറ്റി അംഗം സുരേഷിന്റെ നേതൃത്വത്തിലാണ് വീട് ആക്രമിച്ചത്. വീടിനു മുന്നില്‍ ഉണ്ടായിരുന്ന വാഹനത്തിന്റെ ചില്ലുകളും അടിച്ചു തകര്‍ത്തു. ഈ മാസം 30ന് നൈസാമിന്റെ വിവാഹമാണ്. വിവാഹത്തില്‍ പങ്കെടുക്കാനായി കോട്ടയത്തു നിന്നുമെത്തിയ നൈസാമിന്റെ സുഹൃത്ത് ജയിന് മര്‍ദ്ദനമേറ്റു.

ഇന്നലെ പത്തരക്ക് ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന അരുണ്‍, പ്രതിത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷും മറ്റുള്ളവരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. മുന്‍ കാലവൈരാഗ്യമാണ് ആക്രണത്തിന് പിന്നിലെന്നാണ് വിവരം. സുരേഷ് നടത്തുന്ന മെഡിക്കല്‍ സ്റ്റോറില്‍ നിന്നും സാധങ്ങള്‍ വാങ്ങിയ ശേഷം നൈസാമിന്റെ സഹോദരി ഓണ്‍ലൈന്‍ വഴി പണം കൈമാറി. പണം ലഭിച്ചില്ലെന്ന് പറഞ്ഞ് സുരേഷും നൈസാമിന്റെ സഹോദരി ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സംഭവമറിഞ്ഞെത്തിയ നൈസാമും സുരേഷും തമ്മില്‍ സംഘര്‍ഷമുണ്ടായി. സുരേഷിനെ ആക്രമിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് നൈസാം വീട്ടിലെത്തിയതിന് പിന്നാലെയാണ് വീടുകയറി ഏര്യകമ്മിറ്റി അംഗം തിരിച്ചടിച്ചത്.