ആഘോഷങ്ങള്‍ക്കിടയിലെ യാഥാര്‍ഥ്യം ; ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന്റെ ഗ്രാമം ഇപ്പോഴും ഇരുട്ടില്‍

ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപദി മുര്‍മുവിനെ തിരഞ്ഞെടുത്തത് ഭയങ്കര ആഘോഷത്തോടെയാണ് പാര്‍ട്ടി അനുകൂലികള്‍ വരവേറ്റത്. മറ്റൊരു പാര്‍ട്ടിക്കാരും ചിന്തിക്കാത്തത് ബി ജെപി ചെയ്തു എന്ന തരത്തില്‍ തള്ളു പോസ്റ്റുകള്‍ ധാരാളമായി സോഷ്യല്‍ മീഡിയയില്‍ പറന്നു നടന്നു. ആദിവാസി ഉന്നമനം ആണ് ഇതൊക്കെ എന്നുവരെ തട്ടി വിട്ടവര്‍ ഉണ്ട്. എന്നാല്‍ ആരൊക്കെ മാറി മാറി ഭരിച്ചാലും ആദിവാസികള്‍ ഉള്‍പ്പെടുന്ന പിന്നോക്ക വിഭാഗം ഇപ്പോഴും ഇരുട്ടില്‍ തന്നെയാണ്. അത് ശരിവെക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വികസന പെരുമഴ എന്ന് കേന്ദ്രം വീമ്പു ഇളക്കുന്ന സമയവും ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന്റെ ഗ്രാമം ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.

NDA രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മുവിന്റെ പേര് പ്രഖ്യാപിച്ചതോടെ അവരെകുറിച്ചും അവരുടെ കുടുംബ ജീവിതത്തെയും രാഷ്ട്രീയ യാത്രയെയും കുറിച്ച് ആളുകള്‍ക്ക് അറിയാന്‍ ഏറെ താല്‍പ്പര്യപ്പെട്ടു. ആ അവസരത്തിലാണ് ഈ വാര്‍ത്ത പുറത്തുവന്നത് . എന്തായാലും വാര്‍ത്ത പുറത്തായതോടെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു, ഇപ്പോള്‍ ദ്രൗപദി മുര്‍മുവിന്റെ ഗ്രാമത്തില്‍ വൈദ്യുതീകരണം തകൃതിയായി നടക്കുകയാണ്. ഇന്നും ദ്രൗപദി മുര്‍മുവിന്റെ ഗ്രാമത്തില്‍ വൈദ്യുതി എത്തിയിട്ടില്ല. ഗ്രാമത്തില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥാപിക്കുന്ന തിരക്കിലാണ് ഒഡിഷ സര്‍ക്കാര്‍. ഗ്രാമത്തില്‍ എത്രയും പെട്ടെന്ന് വൈദ്യുതി എത്തിയ്ക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ഉപര്‍ബെദ ഗ്രാമത്തിലാണ് ദ്രൗപദി മുര്‍മു ജനിച്ചത്. ഏകദേശം 3500 പേര്‍ ഇവിടെ ആകെ രണ്ട് ചെറിയ ഗ്രാമങ്ങളുണ്ട്. ബഡാ ഷാഹിയും ദുംഗ്രി ഷാഹിയും. ബരാഷാഹിയില്‍ അല്‍പ്പ സമയത്തേക്ക് വൈദ്യുതി എത്തും. എന്നാല്‍, ദുംഗ്രി ഷാഹി ഇപ്പോഴും ഇരുട്ടില്‍തന്നെയാണ്. രാത്രിയുടെ ഇരുട്ടിനെ മറികടക്കാന്‍ മണ്ണെണ്ണ വിളക്കാണ് ഇവിടുത്തെ ആളുകള്‍ക്ക് ആശ്രയം. അതുമാത്രമല്ല, ഒരു മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍, ഒരു കിലോമീറ്റര്‍ അകലെ എത്തണം. ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായപ്പോള്‍, വാര്‍ത്തകളില്‍ ദുംഗ്രി ഷാഹിയുടെ പേര് വന്നു. മാധ്യമപ്രവര്‍ത്തകര്‍ ഈ ഗ്രാമത്തില്‍ എത്തിയപ്പോഴാണ് ഇവിടെ വൈദ്യുതി ഇല്ലെന്നറിഞ്ഞത്. ഗ്രാമത്തില്‍ വൈദ്യുതി എത്തിയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണ്. അതേസമയം എം എല്‍ എ ഗവര്‍ണര്‍ സ്ഥാനങ്ങളില്‍ ഇരുന്നിട്ടുള്ള അവരും ഇതുവരെ ഗ്രാമത്തിന്റെ ഇത്തരം വിഷയങ്ങള്‍ ഇതുവരെ അറിഞ്ഞില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ചോദ്യം.