അമേരിക്കയില്‍ 42 അഭയാര്‍ത്ഥികളെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Dead Bodyff

അമേരിക്കയിലെ ടെക്‌സസില്‍ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അവിടെ ഉപേക്ഷിക്കപ്പെട്ട ഒരു ട്രക്കിനുള്ളില്‍ നിന്നുമാണ് 42 അഭയാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയായ സെന്‍ അന്റോണിയോയില്‍ ആണ് ട്രക്ക് കണ്ടെത്തിയത്. അതിര്‍ത്തിയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ട്രക്ക് കിടന്നിരുന്നത്. മരണപ്പെട്ടവരെല്ലാം അഭയാര്‍ത്ഥികളാണെന്നും ഇവര്‍ ഏത് രാജ്യക്കാരാണെന്നതില്‍ വ്യക്തത വന്നിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. രക്ഷപ്പെട്ട 4 കുട്ടികള്‍ ഉള്‍പ്പെടെ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കടുത്ത ചൂട് മൂലം ഇവര്‍ കുഴഞ്ഞുവീണ് മരിച്ചതാവാമെന്നാണ് നിഗമനം. 39.4 ഡിഗ്രിയായിരുന്നു സെന്‍ അന്റോണിയയിലെ താപനില. ട്രക്കിനുള്ളില്‍ കുടിക്കാന്‍ വെള്ളമുണ്ടായിരുന്നില്ല. ട്രക്കിനുള്ളിലുണ്ടായിരുന്നവര്‍ക്കെല്ലാം നിര്‍ജലീകരണം സംഭവിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ ട്രക്കിനുള്ളില്‍ നിന്ന് സഹായത്തിനുള്ള നിലവിളികള്‍ കേട്ട ചില തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി ട്രക്ക് കുത്തിപൊളിച്ചു നോക്കുമ്പോള്‍ ആണ് മൃതദേഹങ്ങള്‍ക്കിടയില്‍ ജീവനുള്ളവരെ കണ്ടെത്തിയത്. അഭയാര്‍ത്ഥികള്‍ മരിച്ചത് അറിഞ്ഞ മനുഷ്യക്കടത്തുകാര്‍ ട്രക്ക് ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു.