ആളുകളുടെ മുഖം മറന്നു പോകുന്നു ; തന്റെ അപൂര്‍വ്വമായ രോഗാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞ് ഹോളിവുഡ് താരം ബ്രാഡ് പിറ്റ്

ഹോളിവുഡ് സിനിമയിലെ വിലകൂടിയ താരങ്ങളില്‍ ഒരാളാണ് ബ്രാഡ് പിറ്റ്. ഇപ്പോള്‍ അമ്പത്തിയെട്ട് വയസാണ് താരത്തിന്. എന്നാല്‍ ഇപ്പോഴും പ്രായം അലട്ടാത്ത ‘ലുക്ക്’ ബ്രാഡ് പിറ്റിന്റെ പ്രത്യേകതയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും താന്‍ ഒരു പ്രത്യേക രോഗാവസ്ഥയിലൂടെ കടന്നുപോവുകയാണെന്നാണ് ബ്രാഡ് പിറ്റ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ‘പ്രോസോപാഗ്‌നോസിയ’ അഥവാ ‘ഫെയ്‌സ് ബ്ലൈന്‍ഡ്‌നെസ്’ ( Prosopagnosia or Face Blindness ) എന്നാണീ രോഗത്തിന്റെ പേര്. തലച്ചോറിനെയാണ് ഈ രോഗം ബാധിക്കുന്നത്. അത്ര സാധാരണമല്ലാത്തൊരു അവസ്ഥയായതിനാല്‍ തന്നെ ഇതുമായി ജീവിക്കുകയെന്നത് അല്‍പം ദുഷ്‌കരമാണ് എന്നാണ് താരം പറയുന്നത്.

ആളുകളുടെ മുഖം മറന്നുപോകുന്ന അവസ്ഥ, അല്ലെങ്കില്‍ തിരിച്ചറിയാന്‍ സാധിക്കാതിരിക്കുന്ന അവസ്ഥയാണിത്. ചിലപ്പോള്‍ വളരെ അടുപ്പമുള്ളവരുടെ മുഖം പോലും മറന്നുപോകാം. ഒരിക്കല്‍ കണ്ട് പരിചയപ്പെട്ടവരുടെ മുഖം, നേരത്തേ പരിചയമുണ്ടായിരുന്നവരുടെ മുഖം എല്ലാം ഇത്തരത്തില്‍ തിരിച്ചറിയപ്പെടാതെ പോകാം. എന്നാല്‍ തച്ചോറിന്റെ മറ്റ് പ്രവര്‍ത്തനങ്ങളെല്ലാം നല്ലരീതിയില്‍ മുന്നോട്ട് പോവുകയും ചെയ്യും. പാര്‍ട്ടികളിലോ മറ്റ് പൊതുപരിപാടികളിലോ തനിക്ക് പങ്കെടുക്കാന്‍ സാധിക്കുന്നില്ലെന്നും പലപ്പോഴും ആളുകള്‍ തനിക്ക് അഹങ്കാരമാണെന്ന് ചിന്തിച്ച് തന്നെ തള്ളിപ്പറയുകയാണ് ചെയ്യുന്നതെന്നും ബ്രാഡ് പിറ്റ് ( Brad Pitt )അഭിമുഖത്തില്‍ പറയുന്നു. ചിലര്‍ക്കിത് ജന്മനാ തന്നെ പിടിപെടാറുണ്ട്. മറ്റുള്ളവരിലാണെങ്കില്‍ തലച്ചോറിനേല്‍ക്കുന്ന ക്ഷതം, ആഘാതം എന്നിവയെല്ലാം രോഗത്തിലേക്ക് നയിക്കാം.

തന്റെ രോഗാവസ്ഥയെ പറ്റി പറയുമ്പോള്‍ ആരും വിശ്വസിക്കുന്നില്ല എന്നാണ് ബ്രാഡ് പിറ്റ് പറയുന്നത്. നിത്യജീവിതത്തില്‍ ഈ രോഗം വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ഇതേ രോഗത്തോട് മല്ലിടുന്ന ഒരാളെയെങ്കിലും കാണുകയോ സംസാരിക്കുകയോ വേണമെന്നാണ് തന്റെ ആഗ്രഹമെന്നും ബ്രാഡ് പിറ്റ് പറയുന്നു. ഇതാദ്യമായല്ല ബ്രാഡ് പിറ്റ് തന്റെ ഈ രോഗാവസ്ഥയെ കുറിച്ച് പരസ്യമായി പറയുന്നത്. 2013ലും ഇതുമൂലം താന്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹം തുറന്ന് പങ്കുവച്ചിരുന്നു. ഈ രോഗം ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ സാധിക്കുന്നതല്ല. പ്രായം കൂടുംതോറും ഇത് കൂടുതല്‍ സങ്കീര്‍ണമായും വരാം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി താന്‍ വിഷാദരോഗം നേരിടുന്നുവെന്ന് നേരത്തെ തന്നെ ബ്രാഡ് പിറ്റ് അറിയിച്ചിരുന്നു. പ്രമുഖ ഹോളിവുഡ് താരം ആഞ്ചലീന ജോളിയായിരുന്നു ബ്രാഡ് പിറ്റിന്റെ ഭാര്യ. ഇവര്‍ക്ക് ദത്തുമക്കള്‍ അടക്കം ആറ് മക്കളാണുള്ളത്. ഇരുവരും ഒമ്പത് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014ല്‍ വിവാഹിതാരെയങ്കിലും 2016 വരെ മാത്രമാണ് ആ ദാമ്പത്യം നീണ്ടത്. ശേഷം ആഞ്ജലീന ജോളി തന്നെയാണ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് 2019ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ആഞ്ജലീന ജോളിക്ക് മുമ്പ് നടി ജെന്നിഫര്‍ അനിസ്റ്റണുമായും ബ്രാഡ് പിറ്റിന്റെ വിവാഹം കഴിഞ്ഞിരുന്നു. ഈ ബന്ധവും വിവാഹശേഷം ഏറെക്കാലം നീണ്ടുനിന്നിരുന്നില്ല.