വീണ്ടും ഞെട്ടിച്ചു കേരളാ പോലീസ് ; സ്‌കൂട്ടര്‍ കനാലിലേക്ക് വീണ് മരിച്ച യാത്രക്കാരന്‍ നേരിട്ട് വന്നു പിഴയടക്കാന്‍ നോട്ടീസ്
ചില സംഭവങ്ങളില്‍ കേരളാ പോലീസിന്റെ ശൗര്യവും ഉത്സാഹവും കണ്ടാല്‍ നമുക്ക് ചിരിക്കണോ കരയണോ എന്ന അവസ്ഥയാകും. കാറില്‍ ഹെല്‍മെറ്റ് വെച്ചില്ല എന്ന പേരില്‍ നാട്ടുകാര്‍ക്ക് പിഴ ഇടുന്ന പോലീസ് ഏമാന്മാര്‍ ഇപ്പോഴിതാ സ്‌കൂട്ടര്‍ കനാലിലേക്ക് വീണ് മരിച്ച യാത്രക്കാരന്‍ നേരിട്ട് വന്നു പിഴയടക്കാന്‍ നോട്ടീസ് അയച്ചിരിക്കുന്നു. കൈവരിയില്ലാത്ത കനാലിലേക്ക് വീണുമരിച്ച സ്‌കൂട്ടര്‍ യാത്രക്കാരനെതിരെയാണ് കേരളാ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അശ്രദ്ധമായും ജാഗ്രതയില്ലാതെയും വാഹനം ഓടിച്ച് അപകടം സംഭവിച്ച് മരിക്കാന്‍ ഇടയായതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279-ാ0 വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചെയ്തിരിക്കുന്നുവെന്നാണ് മയ്യില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
കോടതിയില്‍ നേരിട്ടോ വക്കീല്‍ മുഖേനയോ ഹാജരായി പിഴ അടയ്ക്കണമെന്ന് കാണിച്ച് ഇയാളുടെ പേരില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ നിന്ന് അയച്ച കത്ത് കഴിഞ്ഞദിവസം ലഭിച്ചപ്പോഴാണ് കുടുംബാംഗങ്ങള്‍ ഇതേക്കുറിച്ച് അറിയുന്നത്. മാര്‍ച്ച് എട്ടിനാണ് കാവുംചാല്‍ കനാല്‍ റോഡില്‍ വെച്ച് നടന്ന അപകടത്തില്‍ ചെങ്ങിനി ഒതയോത്ത് സി ഒ ഭാസ്‌കരന്‍ (54) മരിച്ചത്. കൊളച്ചേരി പഞ്ചായത്തിലെ കാവുംചാലില്‍ കട നടത്തുകയായിരുന്ന ഭാസ്‌കരന്‍ ടൗണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കടയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പള്ളിപ്പറമ്പ് മുക്ക് ഭാഗത്ത് പഴശ്ശി കനാലിന് കുറുകെയുള്ള പാലത്തില്‍ നിന്നും ഇയാള്‍ കനാലിലേക്ക് വീഴുകയായിരുന്നു.
അപകടത്തില്‍ പെട്ട് ആളുകള്‍ മരിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന അതേ രീതിയില്‍ തന്നെയാണ് ഈ കേസിലും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് കേസ് അന്വേഷണം അവസാനിപ്പിച്ചതെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് മയ്യില്‍ പൊലീസ് എസ്എച്ച്ഒ ടി പി സുമേഷ് പറയുന്നത്. വകുപ്പ് പ്രകാരം, ആറ് മാസം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അപകടകരമായി വാഹനം ഓടിച്ചുവെന്ന കുറ്റം ചുമത്തിയിരിക്കുന്നതിനാല്‍ അമ്മയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന് അര്‍ഹതപ്പെട്ട ഇന്‍ഷുറന്‍സ് തുക പോലും ലഭിക്കാത്ത സ്ഥിതിയാണ്.