അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യില്‍ തകര്‍ത്തടിച്ചു സഞ്ജു ; ആരവത്തോടെ വരവേറ്റ് കാണികള്‍
അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യില്‍ തകര്‍ത്തടിച്ചു സഞ്ജു സാംസണ്‍. രാജ്യാന്തര കരിയറിലെ തന്റെ ഉയര്‍ന്ന ടി20 സ്‌കോറുമായാണ് സഞ്ജു കളംവിട്ടത്. 13 റണ്‍സിനിടെ ആദ്യ വിക്കറ്റ് വീണ ഇന്ത്യക്കായി ദീപക് ഹൂഡയ്‌ക്കൊപ്പം രണ്ടാം വിക്കറ്റില്‍ തകര്‍ത്താടുകയായിരുന്നു സഞ്ജു സാംസണ്‍. 12-ാം ഓവറില്‍ ഇരുവരും ടീമിനെ 100 കടത്തി. തുടക്കത്തില്‍ ഹൂഡയായിരുന്നു കൂടുതല്‍ അപകടകാരിയായി ബാറ്റ് വീശിയത്. എന്നാല്‍ ഇടയ്ക്കിടയ്ക്ക് കലക്കന്‍ ബൗണ്ടറികളുമായി സഞ്ജു ബാറ്റ് മുറുകെപ്പിടിച്ചു. ഇതോടെ 39 എന്ന രാജ്യാന്തര ടി20 കരിയറിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ സഞ്ജു അനായാസം ഇന്നിംഗ്‌സിലെ 9-ാം ഓവറില്‍ മറികടക്കുകയായിരുന്നു. 13-ാം ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിയുമായി സഞ്ജു രാജ്യാന്തര ടി20 കരിയറില്‍ തന്റെ കന്നി അര്‍ധ സെഞ്ചുറി തികച്ചു. 31 പന്തിലായിരുന്നു സഞ്ജുവിന്റെ ഫിഫ്റ്റി.
ഫിഫ്റ്റിക്ക് പിന്നാലെ ആഞ്ഞടിച്ച സഞ്ജു 42 പന്തില്‍ 77 റണ്‍സെടുത്താണ് മടങ്ങിയത്. ഒന്‍പത് ഫോറും നാല് സിക്‌സും സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. നേരത്തെ, ടോസ് വേളയില്‍ സഞ്ജു സാംസണ്‍ ഇന്ന് ഇറങ്ങുമെന്ന് ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞതും ഡബ്ലിനിലെ ആരാധകക്കൂട്ടം ഇളകിമറിഞ്ഞിരുന്നു. ഇത് കേട്ടതും എന്തുകൊണ്ടാണ് സഞ്ജുവിന്റെ പേര് പറയുമ്പോള്‍ ഇത്ര ആരവം എന്നായി അവതാരകന്റെ ചോദ്യം. ഇവിടുള്ള ഏറെപ്പേര്‍ സഞ്ജുവിനെ ഇഷ്ടപ്പെടുന്നതായി മനസിലാക്കുന്നു എന്ന് പുഞ്ചിരിച്ചുകൊണ്ട് ഹാര്‍ദിക് പാണ്ഡ്യ മറുപടി പറഞ്ഞതും ഡബ്ലിനിലെ രസകരമായ നിമിഷമായി. പരിക്കേറ്റ റുതുരാജ് ഗെയ്ക്വാദിന് പകരമാണ് സഞ്ജു ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്. അവസരം മുതലെടുത്ത് സഞ്ജു ഗംഭീര ഇന്നിംഗ്‌സ് കാഴ്ചവെക്കുകയും ചെയ്തു.
പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തേയും ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. റുതുരാജ് ഗെയ്ക്വാദിന് പകരം ഇഷാന്‍ കിഷനൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായാണ് അന്തിമ ഇലവനിലെത്തിയത്. പേസര്‍ ആവേശ് ഖാന് പകരം ഹര്‍ഷല്‍ പട്ടേലും സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിന് പകരം രവി ബിഷ്‌ണോയിയും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. അതേസമയം, ആദ്യ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് അയര്‍ലന്‍ഡ് ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്. ഈ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം.
#TeamIndia have won the toss & elected to bat. #IREvIND pic.twitter.com/4A00vkxGmg
— Doordarshan Sports (@ddsportschannel) June 28, 2022