ഉദയ്പൂര്‍ കൊലപാതകം ; പ്രതികളെ കസ്റ്റഡിയിലെടുത്തു ; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
രാജസ്ഥാനിലെ ഉദയ്പൂരില്‍ നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടയാളെ പട്ടാപ്പകല്‍ കടയില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ഉദയ്പൂരിലെ രാജ്സാമന്ദില് നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വിഡിയോയിലൂടെ കാണിച്ച അക്രമികള്‍ നരേന്ദ്ര മോദിക്ക് നേരെയും കൊലവിളി നടത്തിയിരുന്നു. കൊലപാതകികളെ കസ്റ്റഡിയില്‍ എടുത്തതായി രാജസ്ഥാന് ഡി ജി പി അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷം ഒഴിവാക്കാനായി ഉദയ്പൂര്‍ മേഖലയില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഉദയ്പൂരില്‍ മാള്‍ഡ്സ്ട്രീറ്റില്‍ തയ്യല്‍ക്കട നടത്തുന്ന കനയ്യലാല്‍ സാഹുവാണ് കൊല്ലപ്പെട്ടത്.തുണി തയ്യപ്പിക്കാന്‍ എന്ന വ്യാജേന കടയിലെത്തിയ രണ്ട് ആക്രമികള്‍ ചേര്‍ന്നാണ് കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം. കൊലപാതകദൃശ്യം പകര്‍ത്തിയ അക്രമികള്‍ ആയുധങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ജില്ലയിലെ ഏഴ് മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷം ഒഴിവാക്കാനായി ഉദയ്പൂരില്‍ മേഖലയില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. സംസ്ഥാനത്തുടനീളം അതീവ ജാഗ്രത നല്കി.
ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് രാജസ്ഥാന് മുഖ്യമന്ത്രിയും ഗവര്‍ണറും ആവശ്യപ്പെട്ടു. സംഭവത്തെ കോണ്‍ഗ്രസ്സും സിപിഐ എം അപലപിച്ചു. മതത്തിന്റെ പേരില്‍ ഉള്ള വിദ്വേഷം അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമുണ്ടെന്ന് അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടു. ഉദയ്പൂരില്‍ ചിലയിടങ്ങളില്‍ കടകള്‍ക്ക് തീയിട്ടതായി റിപ്പോര്‍ട്ട് ഉണ്ട്.