സ്വര്‍ണക്കടത്ത് CBI ക്ക് വിടാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചു വിഡി സതീശന്‍

സ്വര്‍ണക്കടത്ത് അന്വേഷണം CBI ക്ക് വിടാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മും ബിജെപിയും ചെല്ലും ചെലവും കൊടുത്തു വളര്‍ത്തിയവര്‍ പറയുന്ന വാക്കുകള്‍ക്ക് കോണ്‍ഗ്രസിനെതിരേ തിരിയുന്നതെന്തിനെന്ന് വി ഡി സതീശന്‍ ചോദിക്കുന്നു. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു വിഡി സതീശന്‍. യുഡിഎഫ് ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും ആരോപണങ്ങള്‍ സിബിഐക്ക് വിടാന്‍ ഒരുക്കമാണോ എന്നും സതീശന്‍ ചോദിച്ചു.

സ്വര്‍ണക്കടത്തുകേസില്‍ പ്രതിപക്ഷം മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. സംഘപരിവാര്‍ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്നവരുടെ വാക്കുകള്‍ക്ക് സഭാതലത്തില്‍ മുഴക്കം നല്‍കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഒരു പ്രശ്‌നത്തിലും ഇടനിലക്കാരെ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനുമായി ഇടനിലക്കാര്‍ സംസാരിച്ചതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തി. സ്പീക്കറുടെ ഡയസിന് മുന്നിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയം തള്ളി.

കേന്ദ്ര ഏജന്‍സികളെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്തിനെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടി നല്‍കവേ മുഖ്യമന്തി ചോദിച്ചു. സ്വര്‍ണക്കടത്തു കേസിലെ ആദ്യ തിരക്കഥയ്ക്ക് ജനങ്ങള്‍ തിരിച്ചടി നല്‍കി. യുക്തി നോക്കാതെ തിരക്കഥയുടെ രണ്ടാം ഭാഗം അവതരിപ്പിക്കുകയാണ് ഇപ്പോള്‍. അടിസ്ഥാനവും അസ്ഥിവാരവുമില്ലാതെ കെട്ടിപ്പൊക്കുന്ന ചീട്ടു കൊട്ടാരം ഒരിക്കല്‍ തകര്‍ന്നു വീണ്ടും തകരുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ എന്തുണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു. രഹസ്യമൊഴിയിലെ വിവരങ്ങള്‍ എങ്ങനെയാണ് പ്രതിപക്ഷത്തിന് ലഭിച്ചത് എന്നും മൊഴി തിരുത്തിയാല്‍ മാത്രം തീരുന്ന ഒന്നാണോ സ്വര്‍ണക്കടത്ത് കേസ് എന്നും മുഖ്യമന്ത്രി ചോദിച്ചു. ആദ്യമായല്ല സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കുന്നത്. മൊഴി തിരുത്തിക്കാന്‍ ഇടലക്കാര്‍ എന്നത് കെട്ടുകഥയാണെന്നും 164 തിരുത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ മകളെപ്പറ്റിയുള്ള പരാമര്‍ശത്തില്‍ യുഡിഎഫ് അം?ഗം മാത്യു കുഴല്‍നാടനോട് പൊട്ടിത്തെറിച്ച് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ മകളെയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടറായിരുന്ന ജെയ്ക് ബാലഗോപാലിനെയും കുറിച്ച് മാത്യു കുഴല്‍നാടന്‍ നടത്തിയ പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മാത്യു കുഴല്‍നാടന്റെ വിചാരം എന്തും എങ്ങനെയും തട്ടിക്കളയാന്നാണ്. മകളെപ്പറ്റി പറഞ്ഞാല്‍ ഞാനങ്ങ് കിടിങ്ങിപ്പോകുമെന്നാണോ ധാരണ. പച്ചക്കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരു വ്യക്തിയെ എന്റെ മകള്‍ മെന്റര്‍ ആയി വെച്ചിട്ടേയില്ല. സത്യവിരുദ്ധമായ കാര്യങ്ങള്‍ പറയരുത്. അത്തരം കാര്യങ്ങള്‍ മനസില്‍ വെച്ചാല്‍മതി. അസംബന്ധങ്ങള്‍ വിളിച്ചുപറഞ്ഞ ശേഷം വീണ്ടും അസംബന്ധങ്ങള്‍ ആവര്‍ത്തിക്കുകയാണോ?. എന്നും മുഖ്യമന്ത്രി ചോദിച്ചു. ആളുകളെ അപകീര്‍ത്തിപ്പെടുത്താനായി എന്തും വിളിച്ചുപറയുന്ന സ്ഥിതിയെടുക്കരുത്. വേണ്ടാത്ത കാര്യങ്ങള്‍ പറയാനാണോ സഭാവേദി ഉപയോ?ഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം. വെറുതേ വീട്ടില്‍ കഴിയുന്നയാളെ ആക്ഷേപിക്കുന്നോ? ഇതാണോ സംസ്‌കാരം’. ഇനി ഇത്തരം കാര്യങ്ങളുമായി മുന്നോട്ടുപോവരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പുനല്‍കി.