പുതുതലമുറയ്ക്ക് സ്ഥാനം കൈമാറി റിലയന്‍സ് ; മകന് പിന്നാലെ റിലയന്‍സ് റീട്ടെയിലിന്റെ തലപ്പത്തേയ്ക്ക് ഇഷ അംബാനിയും
പുതുതലമുറയ്ക്ക് സ്ഥാനം കൈമാറി റിലയന്‍സ്. റിലയന്‍സിനെ നയിക്കാന്‍ പുതുതലമുറയില്‍ നിന്ന് മക്കളായ ആകാശും ഇഷയും രംഗത്ത് ഇറക്കിയിരിക്കുകയാണ് മുകേഷ് അംബാനി. ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായി ആകാശ് അംബാനിയെ നിയമിച്ചതിനു പിന്നാലെയാണ് റിലയന്‍സ് റീട്ടെയിലിന്റെ മേധാവിയായി ഇഷയെ നിയമിച്ചിരിക്കുന്നത്. കുടുംബത്തിലെ പുതുതലമുറയാകും ഇനി ബിസിനസ്സ് നയിക്കുന്നത് എന്ന സൂചനയാണ് ഇരുവരുടെയും നിയമനത്തിലൂടെ മുകേഷ് അംബാനി സൂചിപ്പിക്കുന്നത് എന്നും സൂചനകള്‍ ഉണ്ട്. പെട്രോ കെമിക്കല്‍, എണ്ണശുദ്ധീകരണം ബിസിനസുകളില്‍ നിന്ന് കമ്പനി പുതിയ മുന്നേറ്റത്തിന്റെ പാതയിലാണ്.
ആകാശിന്റെ നിയമനം വന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില നാലുശതമാനത്തോളമാണ് ഉയര്‍ന്നത്. ടെലികോം മേഖലയില്‍ സാന്നിധ്യമുറപ്പിച്ച കമ്പനി ഇ-കൊമേഴ്സ്, ഹരിത ഊര്‍ജം എന്നീ വന്‍കിട ബിസിസ് മേഖലയില്‍ കൂടി വലിയ മുന്നേറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ്. രാജ്യത്തുടനീളം റീട്ടെയില്‍ ബിസിനസ് വ്യാപിപ്പിക്കുകയെന്ന റിലയന്‍സിന്റെ ലക്ഷ്യം ഏറെക്കുറെ വിജയക്കൊടി കണ്ടുകഴിഞ്ഞു. അതിനോടനുബന്ധിച്ച് നിരവധി കമ്പനികളെയാണ് റിലയന്‍സ് ഇതിനോടകം ഏറ്റെടുത്തത്. നിലവില്‍ ആകാശും ഇഷയും കമ്പനിയുടെ ഭാഗമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇനി മുന്‍നിരയില്‍ നിന്ന് കമ്പനിയെ നയിക്കും എന്ന് മാത്രം. യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ ഇഷ മക്കിന്‍സി ആന്‍ഡ് മക്കിന്‍സിയിലെ മുന്‍ കണ്‍സള്‍ട്ടന്റായിരുന്നു. 2016 ലാണ് ഇഷ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ അജിയോ ആരംഭിക്കുന്നത്. ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടികയില്‍ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയാണ് മുകേഷ് അംബാനി. 91 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി കണക്കാക്കുന്നത്.