കൂടത്തായി കേസ് : ജയില്‍ മാറ്റണമെന്ന ഹര്‍ജി ജോളി പിന്‍വലിച്ചു
കോളിളക്കം സൃഷ്ട്ടിച്ച കൂടത്തായി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ജോളി ജോസഫ് തന്റെ ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. കണ്ണൂര്‍ വനിതാ ജയിലില്‍ തുടരാമെന്നും പരിയാരം മെഡിക്കല്‍ കോളജിലെ ചികിത്സ മതിയെന്നും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയെ അവര്‍ അറിയിച്ചു. കോഴിക്കോട് വനിതാ ജയിലിന്റെ മതില്‍ അപകടാവസ്ഥയിലായതിനാല്‍ ജോളി ഉള്‍പ്പടെ ഒമ്പത് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റിയിരുന്നു. ജോളിയെ കണ്ണൂര്‍ വനിതാ ജയിലിലേക്കാണ് മാറ്റിയത്. എന്നാല്‍ ചികിത്സാവശ്യാര്‍ഥം തിരികെ കോഴിക്കോട്ടേക്ക് മാറ്റണമെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിക്കണം എന്നുമായിരുന്നു ജോളി നേരത്തെ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കോടതിയില്‍ സമര്‍പ്പിച്ച ജോളിയുടെ ചികിത്സ രേഖകള്‍ തിരികെ വേണമെന്ന ആവശ്യം കോടതി ജൂലൈ 12ന് പരിഗണിക്കും.
വ്യത്യസ്ത കാലങ്ങളിലായി ഒരു കുടുംബത്തിലെ ആറു പേരാണ് കൂടത്തായില്‍ ദുരൂഹമായി കൊല്ലപ്പെട്ടത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്.
പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍. 2008-ല്‍ ടോം തോമസ്, 2011ല്‍ റോയി തോമസ്, 2014-ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു, അതിനുശേഷം ടോം തോമസിന്റെ സഹോദരപുത്രന്റെ മകള്‍ അല്‍ഫോന്‍സ, ഒടുവില്‍ 2016ല്‍ സഹോദര പുത്രന്റെ ഭാര്യ സിലി എന്നിവരാണ് കൊല്ലപ്പെട്ടത്.