ജോലിയില്‍ നിന്നും റിട്ടയര്‍ ആയ സഹപ്രവര്‍ത്തകനുള്ള സമ്മാനം ; കൊച്ചിയില്‍ നിന്നും കോഴിക്കോട് വരെ ഓടണം

ജോലിയില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് വലിയ രീതിയിലുള്ള യാത്രയപ്പാണ് പല കമ്പനികളും അല്ലെങ്കില്‍ സുഹൃത്തുക്കളും നല്‍കുന്നത്. എന്നാല്‍ ഇവിടെ ഒരു വേറിട്ട രീതിയിലാണ് യാത്രയയപ്പ്. കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ ഷിപ്പ് ബില്‍ഡിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറായ കെ നളിനാക്ഷന്‍ 38 വര്‍ഷത്തെ സര്‍വീസിന് ശേഷം നാളെ വിരമിക്കുകയാണ്. കൊച്ചി മുതല്‍ കോഴിക്കോട് വരെ ഓടി റിട്ടയര്‍മെന്റ് ആഘോഷമാക്കാനാണ് 60കാരനായ നളിനാക്ഷന്റെ തീരുമാനം. പനമ്പിള്ളി നഗര്‍ റണ്ണേഴ്‌സ് എന്ന ഓട്ടക്കൂട്ടത്തിലെ അംഗമാണ് നളിനാക്ഷന്‍.

കടവന്ത്ര കൃഷ്ണയ്യര്‍ റോഡില്‍ താമസിക്കുന്നതിനിടയിലാണ് പനമ്പിള്ളി നഗര്‍ വാക്വേയിലൂടെ നടപ്പ് തുടങ്ങിയത്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് തീര്‍ഥാടനത്തിനായി 2020 മേയില്‍ ടിക്കറ്റൊക്കെ ബുക്ക് ചെയ്തിരുന്നു. അങ്ങോട്ടേക്കുള്ള ട്രെക്കിങ്ങിനു മുന്നേയുള്ള പരിശീലനത്തിനായാണ് പനമ്പിള്ളി നഗര്‍ വാക് വേയിലൂടെ നടപ്പ് തുടങ്ങിയത്. കുറേ നടന്നപ്പോള്‍ പോരാ എന്നു തോന്നി ഓട്ടം തുടങ്ങി. ഈ ഓട്ടം കണ്ട ഷിപ്പ്യാര്‍ഡിലെ സഹപ്രവര്‍ത്തകന്‍ അശോക് കുമാറാണ് പനമ്പിള്ളി നഗര്‍ റണ്ണേഴ് എന്ന ഓട്ടക്കൂട്ടത്തിലേക്ക് എത്തിച്ചത്. പിന്നെയാണ് ഓട്ടം ദീര്‍ഘദൂര ഓട്ടമായി മാറുന്നത്.

ഇരുന്നൂറോളം അംഗങ്ങളുള്ള പനമ്പിള്ളി നഗര്‍ റണ്ണേഴ്സിലെ 20 പേരാണ് നളിനാക്ഷനെ ഓടിയോടി യാത്രയാക്കാന്‍ കോഴിക്കോട് രാമനാട്ടുകരയ്ക്ക് അടുത്തുള്ള വീട്ടിലേക്ക് പോകുന്നത്. ഈ ഓട്ടക്കൂട്ടത്തില്‍ നൂറുമൈല്‍ അഥവ 160 കിലോമീറ്റര്‍ മുമ്പ് ഓടിയിട്ടുള്ളവരുണ്ട്. ബൈജു ലോറന്‍സ്, ആല്‍ഫ്രഡ് ജൂഡ് ജോസഫ്, അനന്തു സുകുമാരന്‍, മിത്ര കുമാര്‍ എന്നിവര്‍ ജയ്സാല്‍മീര്‍, വാഗാ അതിര്‍ത്തി എന്നിവിടങ്ങളിലെ നൂറുമൈല്‍ ഓട്ടത്തില്‍ പങ്കെടുത്തവരാണ്. നളിനാക്ഷനും ഭാര്യ അജയയും കഴിഞ്ഞ മാസം നടന്ന മൂന്നാര്‍ മാരത്തോണില്‍ അവരവരുടെ വിഭാഗത്തില്‍ പുരസ്‌കാരം നേടിയവരുമാണ്. കടവന്ത്രയിലെ വീട് മുതല്‍ കോഴിക്കോട്ടെ വീടുവരെ 165 കിലോമീറ്ററുണ്ട്. ജൂലായ് രണ്ടിന് പുലര്‍ച്ചെ രണ്ടുമണിക്ക് ഓടിത്തുടങ്ങും. മാരത്തോണ്‍ റണ്‍ അവസാനിക്കുക മൂന്നാം തീയതി രാവിലെ 10 മണിയോടെയാണ്. ഒരു ടെമ്പോ ട്രാവലര്‍ ഈ ഓട്ടക്കൂട്ടത്തെ അനുഗമിക്കും. ഓടുന്നവരുടെ കൂട്ടത്തില്‍ 35 കാരനായ പ്രദീപ് കൃഷ്ണന്‍ മുതല്‍ 66 കാരനായ ശശിധരന്‍ കേശവന്‍ വരെയുണ്ട്.