ക്ലിഫ് ഹൗസില്‍ തനിച്ചു പോയിട്ടുണ്ട് ; ധൈര്യമുണ്ട് എങ്കില്‍ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ പിണറായിയെ വെല്ലുവിളിച്ചു സ്വപ്ന

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് കള്ളമെന്ന് സ്വപ്ന സുരേഷ്. പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി. തെറ്റിദ്ധരിപ്പിച്ചു. ക്ലിഫ് ഹൗസില്‍ രഹസ്യ മീറ്റിങ്ങിന് താന്‍ തനിച്ച് പോയിട്ടുണ്ട്. 2016 മുതല്‍ 2120 വരെ പല തവണ പോയിട്ടുണ്ട്. സിസിടി വി ദൃശ്യങ്ങള്‍ പുറത്തു വിടൂ. ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടൂ. തന്റെ കൈയ്യിലും സിസിടിവി ദ്യശ്യങ്ങളുണ്ട്. മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനല്‍ വഴി എന്തിനു കൊണ്ടുപോയി ? ബാഗില്‍ ഉപഹാരമെങ്കില്‍ എന്തിന് നയതന്ത്രചാനല്‍ വഴി കൊണ്ടുപോയി. താന്‍ പറയുന്നത് കള്ളമല്ല. ആരാണ് തനിക്ക് ജോലി തന്നത് ?പിഡബ്ല്യുസിയാണ് തനിക്ക് ജോലി നല്‍കിയത് സ്വപ്ന പറയുന്നു.

ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലി നല്‍കിയെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്. യുഎഇ ഭരണാധികാരിയുമായി ക്ലിഫ് ഹോസിലെ കൂടിക്കാഴ്ച ചട്ടങ്ങള്‍ മറികടന്നായിരുന്നു. സ്പ്രിംഗ്‌ളറിന് പിന്നാലെ ബുദ്ധികേന്ദ്രം വീണാ വിജയനാണ്. സ്പ്രിംഗ്‌ളര്‍ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കര്‍ പറഞ്ഞു. പിന്നില്‍ വീണ വിജയനെന്നും പറഞ്ഞു. ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു. എക്‌സോലോജിക്കിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരന്‍ അല്ലെങ്കില്‍ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചു.

അതേസമയം സ്വപ്ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സിയാണ് ഇ ഡി. സുരക്ഷ നല്‍കാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ലെന്നും കോടതിയില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ കേസില്‍ കക്ഷിയല്ല. കേന്ദ്ര സുരക്ഷ നല്‍കാനാകില്ല. എറണാകുളം ജില്ലാ കോടതിയില്‍ ഇ ഡി സത്യവാങ്മൂലം സമര്‍പ്പിച്ചു. സുരക്ഷയ്ക്കായി ഇഡി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ കേന്ദ്ര സുരക്ഷ നല്‍കാനാകില്ലെന്നും ഇഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ അപേക്ഷ നല്‍കുമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. നേരത്തെ കോടതിയില്‍ 164 മൊഴി നല്‍കിയതിന് പിന്നാലെ സ്വപ്‌ന സുരേഷിന്റെ പാലക്കാട്ടെ ഫ്‌ലാറ്റിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. താമസിക്കുന്നയിടത്ത് അടക്കം തന്നെ കേരള പൊലീസ് നിരീക്ഷിക്കുകയാണെന്നും പൊലീസിനെ പിന്‍വലിക്കണമെന്നുമായിരുന്നു ആവശ്യം.