മഹാരാഷ്ട്ര ; ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രി ; ഫട്‌നാവിസ് ഉപമുഖ്യമന്ത്രി
രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ശിവസേനയെ പുറത്താക്കി മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫട്‌നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. രാത്രി 7.30 ന് രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ബാല്‍ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിന്‍ഡേയുടെ സത്യപ്രതിജ്ഞ.
വമ്പന്‍ ട്വിസ്റ്റായിട്ടാണ് ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയാവുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവ് പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ ഭാഗമാകില്ലെന്നും ഇത് ഏകനാഥ് ഷിന്‍ഡേയുടെ സര്‍ക്കാരാണെന്നുമായിരുന്നു ഫഡ്‌നാവിസിന്റെ ആദ്യ പ്രഖ്യാപനം. എന്നാല്‍, ഫഡ്‌നാവിസിനോട് ഉപമുഖ്യമന്ത്രിയാകണമെന്ന് ബിജെപി ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിന്റെ ഭാഗമാകണമെന്ന് ദേശീയ നേതാവ് ജെ പി നദ്ദയാണ് ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടത്.താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളാണ് ഏക് നാഥ് ഷിന്‍ഡെ. താനെ മേഖലയില്‍ ശിവസേനയെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചയാള്‍ കൂടിയാണ് ഷിന്‍ഡെ.
1980ല്‍ ശിവസേനയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഏകനാഥ് ഷിന്‍ഡേ 2004 മുതല്‍ തുടര്‍ച്ചയായി നാല് തവണ എംഎല്‍എയായി. സേനയുടെ ജനപ്രിയനേതാക്കളിലൊരാളായ ഷിന്‍ഡെ, 2014-ല്‍ മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. ബിജെപിയുമായി വഴിപിരിഞ്ഞ ശേഷം പ്രതിപക്ഷനേതൃപദവി വിശ്വാസത്തോടെ പാര്‍ട്ടി ഏല്‍പിച്ചതും ഷിന്‍ഡെയെത്തന്നെ. പിന്നീട് എന്‍സിപി – കോണ്‍ഗ്രസ് – സഖ്യം മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ നഗരവികസന, പൊതുമരാമത്ത് വകുപ്പാണ് ഷിന്‍ഡേയ്ക്ക് നല്‍കിയത്. ഷിന്‍ഡെയുടെ മകന്‍ ഡോ. ശ്രീകാന്ത് ഷിന്‍ഡെ കല്യാണില്‍ നിന്നുള്ള എംപിയാണ്.