പിഎസ്എല്‍വി സി 53 ; വിക്ഷേപണം വിജയം

ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളില്‍ സി53 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് പിഎസ്എല്‍വി-സി53 ദൗത്യം വിക്ഷേപിച്ചത്. ബഹിരാകാശ വകുപ്പിന്റെ കോര്‍പ്പറേറ്റ് വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ (NSIL) രണ്ടാമത്തെ ദൗത്യമാണ് PSLV-C53. ഭൂമധ്യരേഖയില്‍ നിന്ന് 570 കിലോമീറ്റര്‍ ഉയരത്തില്‍ വിന്യസിച്ച് ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് മൂന്ന് ഉപഗ്രഹങ്ങളെ പിഎസ്എല്‍വി വഹിച്ചത്.

നാല് ഘട്ടങ്ങളുള്ള പിഎസ്എല്‍വി ദൗത്യത്തിന് 228.433 ടണ്‍ ലിഫ്റ്റ്-ഓഫ് മാസാണ് വഹിക്കുന്നത്. മൂന്ന് ഉപഗ്രഹങ്ങളാണ് ഈ പിഎസ്എല്‍വി ദൌത്യം ഭ്രമണപഥത്തില്‍ എത്തിച്ചത്. DS-EO, NeuSAR (രണ്ടും സിംഗപ്പൂരില്‍ നിന്നുള്ളതും റിപ്പബ്ലിക് ഓഫ് കൊറിയയുടെ സ്റ്റാരെക് ഇനിഷ്യേറ്റീവ് നിര്‍മ്മിച്ചതുമാണ്), സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ (NTU) 2.8 കിലോഗ്രാം സ്‌കൂബ്-1 എന്നിവയാണ് ഈ ഉപഗ്രഹങ്ങള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28നാണ് എഎസ്ആര്‍ഒ ബ്രസീലിന്റെ ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ ആമസോണിയ വണ്ണിനെ ഭ്രമണപഥത്തിലെത്തിച്ചത്.

PSLVയുടെ അന്‍പത്തിയഞ്ചാമത്തേയും പിഎസ്എല്‍വി കോര്‍ എലോണ്‍ റോക്കറ്റിന്റെ പതിനഞ്ചാമത്തേയും വിക്ഷേപണമാണ് ഇന്ന് നടന്നത്. 365 കിലോഗ്രാം തൂക്കമുള്ള DSEO യെ ഭൂമധ്യരേഖയില്‍ നിന്ന് 570 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് മുഖ്യദൗത്യമാണ് ആദ്യം പൂര്‍ത്തിയാക്കിയത്. കൂടാതെ സിങ്കപ്പൂരിന്റെ തന്നെ NeuSAR ഉപഗ്രഹവും സിങ്കപ്പൂര്‍ നാന്‍യാങ് സാങ്കേതിക സര്‍വകലാശാല വികസിപ്പിച്ച SCOOB 1 എന്ന 2.8 കിലോഗ്രാം തൂക്കമുള്ള ചെറു പഠന ഉപഗ്രഹവും പിഎസ്എല്‍വി സി 53 ഭ്രമണപഥത്തില്‍ എത്തിച്ചു.

വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ റോക്കറ്റിന്റെ ഭാഗമായ ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റല്‍ മൊഡ്യൂള്‍ സ്ഥിരം ഭ്രമണപഥത്തില്‍ നിലനിര്‍ത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ടായി. ഇന്ത്യന്‍ സ്‌പേസ് സ്റ്റാര്‍ട്ട് അപ്പുകളായ ദിഗന്തര, ധ്രുവ സ്പേസ് എന്നിവയുടേതടക്കം ആറ് പേലോഡുകള്‍ ഇതിലുണ്ട്. വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടഭാഗത്തില്‍ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിച്ച് താല്‍ക്കാലിക ഉപഗ്രഹമെന്നോണം പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഇതാദ്യമാണ്.