ബ്രുവറി കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി ; തള്ളികളയാനുള്ളതല്ല ബ്രുവറി കേസ് എന്ന് വിജിലന്‍സ് കോടതി
ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ കൊഴുക്കുകയാണ് പിണറായി സര്‍ക്കാരില്‍. സ്വര്‍ണക്കടത്തും മകളുടെ പ്രശ്നങ്ങളും ഒക്കെ ഒരു ഭാഗത്ത് തുടരവേ ബ്രൂവറി അഴിമതി കേസിലും സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. കഴമ്പിലെന്ന് കണ്ട് തള്ളി കളയാനുള്ളതല്ല ബ്രുവറി കേസെന്ന് വിജിലന്‍സ് കോടതി. ബ്രുവറി കേസില്‍ സര്‍ക്കാരിന്റെ തടസ്സഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. രമേശ് ചെന്നിത്തല ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഫയലുകള്‍ വിളിച്ച് വരുത്തേണ്ടവയെന്നും കോടതി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹര്‍ജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നല്‍കണം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിന് പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ താല്പര്യ പ്രകാരം മുന്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് അനധികൃതമായി തീരുമാനമെടുത്തെന്നും ഇത് അഴിമതിയാണെന്നുമാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ജൂലൈ 17 ന് കേസില്‍ വിസ്താരം തുടരും.
മുന്‍പ് വിജിലന്‍സ് അന്വേഷണം എന്ന ആവശ്യം ഹൈക്കോടതിയില്‍ മറ്റൊരു റിട്ട് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നതാണെന്നും എന്നാല്‍ ഹൈക്കോടതി അനുവദിച്ചിരുന്നില്ലെന്നും രമേശ് ചെന്നിത്തല തന്നെ വിജിലന്‍സ് അന്വേഷണത്തിനുളള മുന്‍കൂര്‍ അനുമതിക്ക് അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 A പ്രകാരം അപേക്ഷിച്ചത് അന്ന് ഗവര്‍ണര്‍ നിഷേധിച്ചതാണെന്നും പ്രോസിക്യൂട്ടര്‍ തടസ്സവാദം ഉന്നയിച്ചു. നിലവിലെ സ്വകാര്യ അന്യായം മുന്‍കൂര്‍ അനുമതി ഇല്ലാതെ ഫയലില്‍ സ്വീകരിച്ചുവെന്നും നടപടിയുമായി മുന്നോട്ട് പോകാന്‍ നിയമ തടസ്സം ഉണ്ടെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്ന കാര്യങ്ങള്‍ അഴിമതി എന്ന് കാണാന്‍ കഴിയില്ലെന്നും വിജിലന്‍സ് പ്രോസിക്യൂട്ടര്‍ വാദിച്ചു.
എന്നാല്‍, ക്രിമിനല്‍ നടപടി നിയമത്തില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പോലീസ് അന്വേഷണം എന്നതിന് ഉപരിയായി കോടതിയില്‍ പരാതിക്കാരന് നേരിട്ട് പരാതി നല്കി തെളിവ് നിരത്താന്‍ നിയമം അനുവദിക്കുന്നു എന്ന് ഹര്ജിക്കാരന് വാദിച്ചു. അഴിമതി ആരോപണങ്ങള്‍ തെളിയിക്കുന്നതിന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ തന്നെ തടസ്സ വാദം ഉന്നയിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന ആക്ഷേപവും ഉയര്‍ത്തി. ഇരു ഭാഗത്തിന്റേയും വാദങ്ങള്‍ കേട്ട ശേഷമാണ് വിജിലന്‍സ് കോടതി കേസുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടത്. ക്രമക്കേട് നടന്നിട്ടില്ലെന്നും ഹര്‍ജി തള്ളണമെന്നും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ എതിര് ഹര്‍ജി നല്‍കിയരുന്നെങ്കിലും കോടതി തള്ളി. രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും.
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി സമര്‍പ്പിച്ച അഴിമതി
ആരോപണത്തിലെ അന്വേഷണം തടസ്സപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് തിരിച്ചടി. സര്‍ക്കാരിന്റെ തടസ്സ ഹര്‍ജി തള്ളിയതോടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രുവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയതില്‍ കോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം തുടരും. ഉത്തരവ് റദ്ദാക്കിയതിനാല്‍ അഴിമതി ആരോപണം നിലനില്‍ക്കില്ലെന്ന് വാദമാണ് സര്‍ക്കാര്‍ കോടതിയില്‍ ഉയര്‍ത്തിയത്. വിജിലന്‍സ് അന്വേഷണ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയും പ്രോസിക്യൂഷന് അനുമതി തേടി ചെന്നിത്തല നല്കിയ ഹര്‍ജി ഗവര്‍ണ്ണറും തള്ളിയതും സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ അംഗീകരിക്കാതെയാണ് കോടതി മേല്‍ നോട്ടത്തിലുള്ള അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന നിലപാട് വിജിലന്‍സ് കോടതി സ്വീകരിച്ചത്.