എകെജി സെന്റര്‍ ആക്രമണം ; കുറ്റവാളികളേയും പിന്നിലുള്ളവരേയും കണ്ടെത്തും : മുഖ്യമന്ത്രി

എ കെ ജി സെന്റര്‍ ആക്രമണത്തില്‍ പിന്നിലുള്ള ആളുകളെ കണ്ടെത്തുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളിയേയും അതിന് പിന്നിലുള്ളവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. ഇതിനായി പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അക്രമം നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സമാധാനം തകര്‍ക്കാനുള്ള ശ്രമം ആണ്. ഇത്തരം പ്രകോപനങ്ങളില്‍ വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആക്രമണം നടന്ന സ്ഥലം മുഖ്യമന്ത്രി രാവിലെ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം എ കെ ജി സെന്ററില്‍ യോഗവും ചേര്‍ന്നു. ഇന്നലെ രാത്രിയാണ് എ കെ ജി സെന്ററില്‍ ആക്രമണം ഉണ്ടായത്. എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം അക്രമി വളരെ വേഗത്തില്‍ വാഹനത്തില്‍ പോകുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ കാണാം. മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.

അതേസമയം ആക്രമണം നടത്തിയ പ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതിയെ പറ്റിയുള്ള വിവരങ്ങള്‍ കിട്ടി എന്നാണ് പോലീസ് പറയുന്നത് എങ്കിലും ഇതുവരെ പിടികൂടാത്തത് സര്‍ക്കാരിന് ക്ഷീണമായി കഴിഞ്ഞു. ബോംബെറിയുന്ന ലഭിച്ച ദ്യശ്യത്തില്‍ അക്രമിയെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങള്‍ തേടുകയാണ് പൊലീസ്. ഇതിനായി സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും. അക്രമിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ലഭിച്ച സിസിടിവി ദൃശ്യത്തില്‍ വണ്ടിയുടെ നമ്പരോ എറിഞ്ഞ ആളിന്റെ മുഖമോ വ്യക്തമല്ല. സമീപത്തുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഇന്ന് പരിശോധിക്കും.

അതേസമയം, ബോംബെറിഞ്ഞ സംഭവത്തില്‍ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. ആലപ്പുഴയില്‍ ഇന്ദിരാ ഗാന്ധി പ്രതിമയ്ക്ക് നാശനഷ്ടങ്ങള്‍ വരുത്തി. കണ്ണൂര്‍ ഡിസിസി ഓഫീസിന് അടക്കം സുരക്ഷ ശക്തമാക്കി. മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും വീടുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി സമാധാനപരമായ പ്രതിഷേധ പരിപാടികള്‍ക്ക് സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. സ്‌കൂട്ടറിലെത്തിയ ആളാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. ഓഫീസിന് മുന്നിലെ മതിലിലാണ് സ്‌ഫോടക വസ്തു പതിച്ചത്.