കൊച്ചി മെട്രോ പരിധിയിലെ ആഡംബര നികുതി ; നീക്കം നിര്‍ത്തിവച്ച് സര്‍ക്കാര്‍

ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായ കൊച്ചി മെട്രോയുടെ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ആഡംബര നികുതി കൂട്ടാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. സംസ്ഥാനത്തെ ഒരു പ്രദേശത്ത് മാത്രം അധിക നികുതി ഈടാക്കുന്നതിലെ നിയമപ്രശ്‌നങ്ങള്‍ ഉള്‍പ്പടെ പരിഗണിച്ചാണ് തീരുമാനം. മെട്രോ സെസായോ പ്രത്യേക നികുതി ചട്ടമായോ ഭേദഗതി ഇത് കൊണ്ട് വരാന്‍ ശ്രമിച്ചാലും സര്‍ക്കാരിന് നേരിടേണ്ടി വരിക വലിയ നിയമ പ്രശ്‌നങ്ങളാകും. കഴിഞ്ഞ ഇരുപതാം തിയതി കണയന്നൂര്‍ തഹസില്‍ദാര്‍ താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് അയച്ച കത്തില്‍ നിന്നാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. മെട്രോ പാതയ്ക്കും, സ്റ്റേഷനും 1 കിലോ മീറ്റര്‍ പരിധിയില്‍ ആഡംബര നികുതി നല്‍കുന്ന വീടുകള്‍ക്ക് 50 ശതമാനം അധിക നികുതി കൂട്ടുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യം.

ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്തെ ഒരു പ്രദേശത്ത് മാത്രം അധികനികുതി ഈടാക്കുന്നതിലെ നിയമ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ പരാമര്‍ശിച്ചാണ് താഴെത്തട്ടില്‍ നിന്ന് മറുപടി നല്‍കിയതെന്നാണ് വിവരം. താലൂക്ക് തലത്തില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ നിരവധി ഉണ്ടെന്നും സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെയാണ് തീരുമാനം നടപ്പിലാക്കേണ്ടതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 3000 ചതുരശ്ര അടി മുതലുള്ള ആഡംബര ഭവനങ്ങള്‍ക്ക് പല സ്ലാബുകളിലായി നികുതി ഈടാക്കാനുള്ള നീക്കം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇത്തരം ആലോചനകള്‍ തന്നെ ഇല്ലെന്നാണ് ലാന്‍ഡ് റവന്യു കമ്മീഷണറുടെ ഓഫീസിന്റെ നിലവിലെ പ്രതികരണം.

ഭരണഘടനയിലെ പൗരന്മാര്‍ക്കുള്ള തുല്യമായ അവകാശത്തെ ഹനിക്കുന്നുവെന്ന തീരുമാനം കോടതിയിലും ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. മെട്രോ നിര്‍മ്മാണത്തിന് മുന്‍പാണ് വീട് പണിതതെന്ന് ഉള്‍പ്പടെ ചൂണ്ടിക്കാട്ടി പ്രശ്‌നം ബാധിക്കുന്നവരും കോടതിയിലെത്തുമെന്ന് ഉറപ്പാണ്. ഈ വശങ്ങള്‍ കൂടി പരിഗണിച്ചാണ് തത്കാലം തീരുമാനം മരവിപ്പിച്ചതെന്നാണ് സൂചന. മാത്രമല്ല ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ കൊച്ചി മെട്രോ കടന്ന് പോകുന്ന 22 കിലോമീറ്റര്‍ പാതയിലെ ഒരു കിലോ മീറ്ററിനുള്ളില്‍ ആഡംബര നികുതി പരിധിയില്‍ വരുന്ന എത്ര വീടുകള്‍ ഉണ്ടെന്നതില്‍ താലൂക്ക് ഓഫീസുകളില്‍ വ്യക്തതയില്ല. അതിനാല്‍ എത്ര വരുമാന വര്‍ധനവ് പ്രതീക്ഷിക്കാമെന്നതില്‍ കണക്കുകള്‍ നിലവില്‍ ലഭ്യമാക്കാനാകില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പക്കലാണ് ആഡംബര നികുതി നല്‍കുന്ന വീടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.