നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പ് പറയണം ; ആഞ്ഞടിച്ച് സുപ്രീംകോടതി

പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും കോടതി കുറ്റപ്പെടുത്തി. അന്വേഷണത്തില്‍ പൊലീസിനെ വിമര്‍ശിച്ച കോടതി നുപുര്‍ ശര്‍മ്മക്ക് ചുവന്ന പരവതാനി കിട്ടിക്കാണുമെന്നും പരിഹസിച്ചു. നബി വിരുദ്ധ പരാമര്‍ശത്തില്‍ പല സംസ്ഥാനങ്ങളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പശ്ചാത്തലത്തിലാണ് നൂപുര്‍ ശര്‍മ്മ സുപ്രീംകോടതിയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ദില്ലിയിലേക്ക് മാറ്റണമെന്നും ജീവന് ഭീഷണിയുള്ളതിനാല്‍ യാത്ര ചെയ്യാനാവില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതി രൂക്ഷമായ വിമര്‍ശനത്തോടെയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നൂപുര്‍ ശര്‍മ്മയുടെ ഹര്‍ജി പരിഗണിച്ചത്. കോടതിയുടെ പരിഗണനയിലുള്ള ഗ്യാന്‍വാപി കേസില്‍ എന്തുകൊണ്ട് ടെലിവിഷന്‍ ചര്‍ച്ചക്ക് പോയെന്ന് സുപ്രീംകോടതി ചോദിച്ചു. പാര്‍ട്ടി വക്താവെന്നാന്‍ എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സല്ല. ഉത്തരവാദിത്തം മറന്ന് പ്രകോപനമുണ്ടാക്കാനാണ് നൂപുര്‍ ശര്‍മ്മ ശ്രമിച്ചതെന്നാണ് കോടതിയുടെ കുറ്റപ്പെടുത്തല്‍. പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചുവെന്ന് നുപുര്‍ ശര്‍മ്മയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, മാപ്പ് പറയാന് വൈകി പോയെന്നും ടെലിവിഷനിലൂടെ രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും കോടതി പറഞ്ഞു. ഉദയ്പൂരിലുണ്ടായതടക്കം പിന്നീട് നടന്ന അനിഷ്ട സംഭവങ്ങള്ഡക്കെല്ലാം ഉത്തരവാദി നുപുര്‍ ശര്മ്മയാണെന്നും കോടതി നിരീക്ഷിച്ചു.

മെയ് 28ന് ആദ്യ എഫ്‌ഐആര്‍ ഇട്ട കേസില്‍ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് നടന്നില്ലെന്ന് ചോദിച്ച കോടതി നുപുര്‍ ശര്‍മ്മയുടെ സ്വാധീനമാണ് അത് വ്യക്തമാക്കുന്നതെന്നും ചൂണ്ടിക്കാട്ടി. അര്‍ണബ് ഗോസ്വാമി കേസുയര്‍ത്തി നൂപുറിനെതിരായ കേസുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും മാധ്യമപ്രവര്‍ത്തകനായ അര്‍ണബിന് നല്‍കിയ പരിഗണന നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിക്കാനും ജസ്റ്റിസ് സൂര്യകാന്ത് നിര്‍ദ്ദേശിച്ചു. കോടതിയുടെ ഈ വിമര്‍ശനത്തോടെ നൂപുര്‍ ശര്‍മ്മ ഹര്‍ജി പിന്‍വലിച്ചു. തീസ്ത് സെതല്‍വാദിന്റെ അറസ്റ്റിന് ശേഷം നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യാത്തത് ചര്‍ച്ചയായിരുന്നു. സുപ്രീംകോടതിയുടെ ഇന്നത്തെ പരാമര്‍ശത്തോടെ അറസ്റ്റിന് പൊലീസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാകുകയാണ്.

ബിജെപി നേതാവും പാര്‍ട്ടി വക്തമാവുമായിരുന്ന നുപുര്‍ ശര്‍മ്മ അഭിഭാഷക കൂടിയാണ് . മെയ് 28ന് നുപുര്‍ ശര്‍മ്മ ഒരു ടെലിവിഷന്‍ വാര്‍ത്താ ചര്‍ച്ചയില്‍ പ്രവാചകന്‍ മുഹമ്മദിനെ കുറിച്ച് നടത്തിയ പരാമര്‍ശം രാജ്യത്തിന് പുറത്തേക്കും വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. പ്രസ്താവന ഗള്‍ഫ് രാജ്യങ്ങള്‍ വരെ അപലപിക്കുന്ന സാഹചര്യത്തിലെത്തിയതോടെ ശര്‍മ്മയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നടന്ന, 20 പോലീസുകാര്‍ ഉള്‍പ്പെടെ 40 പേര്‍ക്ക് പരിക്കേറ്റ, സംഘര്‍ഷം ഉടലെടുത്തത് ഈ പ്രസ്താവനകളില്‍ നിന്നായിരുന്നു. പാര്‍ട്ടിയുടെ വിവിധ പദവികള്‍ വഹിച്ച നുപുര്‍ ബിജെപിയുടെ പ്രമുഖ മുഖമാണ്. വിവാദം കത്തിപ്പടര്‍ന്നതോടെ തന്റെ പ്രസ്താവന പിന്‍വലിക്കുന്നതായി നുപുര്‍ ട്വീറ്റ് ചെയ്തു.