ജനങ്ങളുടെ ഓഫീസാണ് ആക്രമിച്ചത് ; അക്രമം നടത്തിയ കുട്ടികളോട് ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി
തന്റെ ഓഫിസ് ആക്രമണം നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ഗാന്ധി എം.പി. ഇത് വയനാട്ടിലെ എം പിയുടെ ഓഫിസല്ല. മറിച്ച് വയനാട്ടിലെ ജനങ്ങളുടെ ഓഫിസാണ്. അതിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമം നടത്തിയത് കുട്ടികളാണ്. നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ എനിക്ക് അവരോട് പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവര്‍ത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവര്‍ തിരിച്ചറിയണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കല്‍പറ്റയില്‍ എസ് എഫ് ഐ പ്രവര്‍ത്തകഡ ആക്രമിച്ച ഓഫിസ് സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ഗാന്ധിയുടെ പ്രതികരണം.
കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ് എഫ് ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എംപിയുടെ ഓഫീസിന്റെ ഷട്ടറുകള്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. ജനാലവഴി കയറിയ ചില പ്രവര്‍ത്തകര്‍ വാതിലുകളും തകര്‍ത്തു. ഫയലുകള്‍ വലിച്ചെറിഞ്ഞു. കസേരയില്‍ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
പൊലീസ് നോക്കി നില്‍ക്കേയായിരുന്നു എസ് എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം. ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ സ്ഥലത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിക്ക് ആക്രമണത്തില്‍ മര്‍ദനമേറ്റു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം, ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തുടര്‍ന്ന് സമരത്തെ അപലപിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. അക്രമം അപലപനീയമെന്ന് പറഞ്ഞ മുഖ്യമന്ത്രി കര്‍ശന നടപടിക്കും നിര്‍ദേശം നല്‍കി.