ഇറാനില്‍ വന്‍ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി

തെക്കന്‍ ഇറാനില്‍ വന്‍ ഭൂചലനം.സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 8 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പ്രാദേശിക സമയം 1.30 നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 2 തവണ ഭൂചലനം അനുഭവപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകമ്പനം യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

ഗള്‍ഫില്‍ എവിടെയും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പുലര്‍ച്ചെ 1.32-നാണ് ബന്ദര്‍ ഖമീറിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. 3.24 ഓടെയാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. യുഎഇയില്‍ അനുഭവപ്പെട്ട ഭൂചലനത്തിന് യഥാക്രമം 4.6, 4.4 എന്നിങ്ങനെ തീവ്രത റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് അഫ്ഗാനില്‍ ഉണ്ടായ ഭൂമി കുലുക്കത്തില്‍ ആയിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.