രാഹുല്‍ ഗാന്ധിക്ക് നൂറില്‍ നൂറ് നല്‍കി നടന്‍ ജോയ് മാത്യു

തന്റെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിലെ രാഹുലിന്റെ പ്രതികരണത്തെ അഭിനന്ദിച്ച് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ‘പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് നൂറില്‍ നൂറ്’ എന്നാണ് ജോയ് മാത്യു ഫേസ് ബുക്കില്‍ കുറിച്ചത്. അക്രമം ഒന്നിനും ഒരുപരിഹാരമല്ല. ഇത് ചെയ്തത് കുട്ടികളാണ്. അവരോട് ഒരു ദേഷ്യവുമില്ല. നിരുത്തരവാദപരമായാണ് അവര്‍ പെരുമാറിയത്. അതിന്റെ പ്രത്യാഘാതം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ലെന്നാണ് രാഹുല്‍ സംഭവത്തില്‍ പ്രതികരിച്ചത്. കല്‍പ്പറ്റയില്‍ ആക്രമിക്കപ്പെട്ട തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം.

സ്വന്തം പിതാവിന്റെ ഘാതകരോട് വരെ പൊറുത്തവരാണ്.. പിന്നെയല്ലെ ഇവര്‍ എന്ന് അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്. രാഹുലിന്റെ പ്രതികരണത്തെ പിന്തുണച്ച് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലെത്തി. കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ് എഫ് ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എംപിയുടെ ഓഫീസിന്റെ ഷട്ടറുകള്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. ജനാലവഴി കയറിയ ചില പ്രവര്‍ത്തകര്‍ വാതിലുകളും തകര്‍ത്തു. ഫയലുകള്‍ വലിച്ചെറിഞ്ഞു. കസേരയില്‍ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

അതേസമയം ബഫര്‍ സോണ്‍വിഷയത്തില്‍ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്നത് നിര്‍ത്തണമെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും, വിഷയത്തില്‍ കത്ത് എഴുതിയിട്ടുണ്ട്. സി പി ഐഎമ്മിന്റെ നേതൃത്വത്തില്‍ എം പി ഓഫീസ് തകര്‍ത്തതില്‍ പ്രശ്‌നമില്ല. യഥാര്‍ത്ഥ വിഷയത്തില്‍ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ‘സി പി ഐഎമ്മിനെ ക്കുറിച്ച് ഒരു ചോദ്യം ചോദിക്കാനുണ്ട്’.മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസം പോലും ഇഡി എന്തു കൊണ്ടാണ് ചോദ്യം ചെയ്യാത്തത്?. കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാര്യം തമ്മില്‍ വ്യക്തമായ ധാരണയുണ്ട്.

അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇഡി, സിബിഐ എന്നിവ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടാത്തത്. ബിജെപിയും സിപിഐ എമ്മും തമ്മില്‍ ഇഷ്ടത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു കാര്യം വളരെ വ്യക്തമാണ് ആരോണോ ബിജെ പി യെ എതിര്‍ക്കുന്നത് അവര് ഇഡിയെ നേരിടേണ്ടി വരുമെന്നതാണ് സമകാലിക സാഹചര്യം. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിനെ മെഡല്‍ ലഭിച്ച പോലെ കാണുന്നു. മൂന്നോ, നാലോ പത്തോ തവണ അതുപോലെ ഇഡി ചോദ്യം ചെയ്യട്ടെ എന്നാണ് ആഗ്രഹിക്കുന്നത് എന്നും രാഹുല്‍ പറഞ്ഞു.