എകെജി സെന്റര്‍ ആക്രമണം : മൂന്നാം ദിനവും ഇരുട്ടില്‍ തപ്പി പൊലീസ്
എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിയെ പിടികൂടാനാതെ പൊലീസ്. കാടടച്ചു അന്വേഷണം നടത്തുന്നു എന്ന് പറയുന്നുണ്ട് എങ്കിലും ഇപ്പോഴും ആരാണ് പ്രതി എന്ന ഒരു സൂചനയും ലഭിച്ചിട്ടില്ല എന്നാണ് വിവരം. സ്‌ഫോടക വസ്തു എറിഞ്ഞ പ്രതിയ്ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത് എങ്കിലും പ്രതിയെയും സഹായിയെയും കുറിച്ച് വ്യക്തമായ സൂചനകളില്ല. അതേസമയം എകെജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ കഴിഞ്ഞ ഒരു ദിവസമായി പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. എകെജി സെന്റര്‍ ആക്രമിച്ച് ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. പ്രതി സഞ്ചരിച്ച വഴിയെ സിസിടിവി തേടി പോയെങ്കിലും വ്യക്തത വന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഒരാളെ ചോദ്യം ചെയ്തുവരുന്നുവെങ്കിലും വ്യക്തമായ ഒരു തെളിവും ഇയാള്‍ക്കെതിരെ ലഭിച്ചിട്ടില്ല.
സംഭവം നടന്നത് മുതല്‍ നഗരം മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും പ്രതിയെ കിട്ടാത്തത് പൊലീസിന് വലിയ നാണക്കേടായി. ഒരു ചുമന്ന സ്‌കൂട്ടറില്‍ സഞ്ചരിച്ചയാളാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. ഈ സ്‌കൂട്ടറില്‍ സഞ്ചരിച്ചയാളെ കുറിച്ചുള്ള അന്വേഷണം നടത്തിയപ്പോഴാണ് ഇയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്ന നിഗമനത്തിലേക്ക് എത്തുന്നത്. എകെജി സെന്ററിലെ സിസിടിവിയില്‍ സ്‌ഫോടക വസ്തു എറിഞ്ഞയാള്‍ എത്തിയ സ്‌കൂട്ടിറിന്റെ മുന്നില്‍ ഒരു കവര്‍ തൂക്കിയിട്ടുണ്ട്. ഇത് സ്‌ഫോകവസ്തു കൊണ്ടുവന്ന കവറാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേ വാഹനം രണ്ട് പ്രാവശ്യം എകെജി സെന്ററിന്റെ മുന്നിലേക്ക് പോയിട്ടുണ്ടെന്ന് ജനറല്‍ ആശുപത്രിയിലെ ഒരു സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് മനസിലാക്കി. അപ്പോള്‍ ഈ സ്‌കൂട്ടിറില്‍ കവറില്ല. പൊലീസുകാര്‍ എകെജി സെന്ററിന് മുന്നിലുള്ളത് മനസിലാക്കിയ അക്രമി കുന്നുകുഴി വഴി വന്ന് സ്‌ഫോടക വസ്തു എറിഞ്ഞതാകാമെന്നാണ് നിഗമനം.
ഇതിനിടെ ആരോ സ്‌ഫോടക വസ്തു നിറഞ്ഞ കവര്‍ അക്രമിക്ക് കൈമറിയിട്ടുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. എന്നാല്‍, ഇത്തരം നിഗമനങ്ങളല്ലാതെ ആരാണ് സംഭവത്തിന് പിന്നിലെന്നതിനെ കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനിടെ ആറ് ദിവസം മുമ്പ് എകെജി സെന്ററിന് കല്ലെറിയുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട അന്തിയൂര്‍ക്കോണം സ്വദേശിയെ ഇന്നലെ രാത്രി കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്ത് വരുകയാണ്. നിരന്തരമായി സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന ഇയാള്‍ക്ക് സിസിടിവില്‍ കാണുന്നത് പോയുള്ള സ്‌കൂട്ടറുള്ളതും സംശയം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ സംഭവ ദിവസം രാത്രി ഇയാള്‍ എകെജി സെന്ററിലേക്ക് വന്നതിന് വ്യക്തമായ തെളിവുകള്‍ ഇതേവരെ ലഭിച്ചിട്ടില്ല. വലിയ രാഷ്ട്രീയ വിവാദമുണ്ടാക്കിയ കേസില്‍ പ്രതിയെ പിടിക്കാന്‍ വൈകുന്നത് സര്‍ക്കാറിനെയും പൊലീസിനെയും കടുത്ത വെട്ടിലാക്കുകയാണ്. അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരെ ഉയരുന്ന ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള പാര്‍ട്ടി ഗൂഢാലോചനയാണ് ഈ ആക്രമണം എന്നും ആരോപണം ഉണ്ട്.