എകെജി സെന്ററില്‍ കല്ലെറിയുമെന്ന്എഫ്ബി പോസ്റ്റിട്ട യുവാവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു ; ജാമ്യമില്ലാ വകുപ്പുകളും ഒഴിവാക്കി

സംഭവം നടന്നു നാല് ദിവസം പൂര്‍ത്തിയായിട്ടും എ കെ ജി സെന്ററില്‍ ആക്രമണം നടത്തിയ പ്രതിയെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെ പോലീസ്. അതിനിടെ എകെജി സെന്ററില്‍ കല്ലെറിയുമെന്ന് ഫേസുബക്ക് പോസ്റ്റിട്ട യുവാവിന് ജാമ്യം അനുവദിച്ചു. ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി സ്റ്റേഷന്‍ ജാമ്യത്തില്‍ റിജു എന്ന യുവാവിനെ വിട്ടയച്ചു പോലീസ് തലയൂരി. എകെജി സെന്റര്‍ ആക്രമണവുമായി റിജുവിന് ബന്ധമില്ലെന്ന് വ്യക്തമായതോടെയാണ് നടപടി. എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശി റിജു സച്ചുവിനെ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് സംശയം. പക്ഷെ സംഭവം നടന്നപ്പോള്‍ ഇയാള്‍ എകെജി സെന്റര്‍ പരിസരത്ത് വന്നില്ലെന്ന് മൊബൈല്‍ ടവര്‍ പരിശോധനയില്‍ തെളിഞ്ഞു.

പക്ഷെ കല്ലെറിയുമെന്ന ഫേസ് ബുക്ക് പോസ്റ്റിട്ടതിന് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുമെന്ന് പറഞ്ഞ് പൊലീസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പരിഹാസം നിറഞ്ഞു. പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി റിജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. അതുപോലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്‌കൂട്ടറുകാരന്‍ അക്രമിയല്ലെന്നാണ് പൊലീസ് പറയുന്നത്. ‘ക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്‌കൂട്ടര്‍ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ടു ദിവസം പിന്നിടുമ്പോഴും പ്രതിയിലേക്കെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നാണ് ഇതുവരെ പൊലീസ് പറഞ്ഞിരുന്നത്. ആ വഴിയാണ് ഇപ്പോള്‍ അടഞ്ഞിരിക്കുന്നത്.

സംഭവം നടന്ന മൂന്ന് ദിവസം പിന്നിടുമ്പോഴും പ്രതിക്കായി ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. പലരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തുവെങ്കിലും കൃത്യമായ പ്രതികളിലേക്ക് അന്വേഷണസംഘത്തിന് ഇനിയും എത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണസംഘത്തിന് സര്‍വത്ര ആശയക്കുഴപ്പമുണ്ടെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. നാളെ ജൂലൈ നാലിന് അവധിക്ക് ശേഷം വീണ്ടും നിയമസഭാ സമ്മേളനം പുനഃരാരംഭിക്കാനിരിക്കെ പ്രതികളെ പിടികൂടാനുള്ള രാഷ്ട്രീയസമ്മര്‍ദ്ദവും പോലീസിന് നേര്‍ക്കുണ്ട്. യഥാര്‍ഥ പ്രതിയെ പിടികൂടി മുഖം രക്ഷിക്കാനുള്ള ശ്രമം ഒരു വശത്ത് പോലീസ് നടത്തുമ്പോള്‍ കൃത്യമായ തെളിവുകളിലൂടെ പ്രതിയിലേക്ക് എത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തിന് മുന്നില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.