പിസി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാന്‍ പരാതിക്കാരി

പി.സി.ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുവാന്‍ പരാതിക്കാരി. ഈ കേസില്‍ പൊലീസ് ചുമത്തിയ വകുപ്പുകള്‍ക്കപ്പുറം ചില കാര്യങ്ങളുണ്ട്. കേസ് താന്‍ നിയമപരമായി നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ അഭിഭാഷകന്‍ ബിഎ ആളൂരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോ താനും പിസി ജോര്‍ജ്ജും തമ്മില്‍ സംസാരിച്ചത് തന്നെയാണെന്നും അവര്‍ പറഞ്ഞു. പിസി ജോര്‍ജിന്റെ ശാരീരിക ഉപദ്രവം തടയാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ ആരോപിച്ചു. ചികിത്സയില്‍ ആയിരുന്നത് കൊണ്ടാണ് പി.സി.ജോര്‍ജിനെതിരെ പരാതി നല്‍കാന്‍ വൈകിയത്. രണ്ടാഴ്ച മുന്‍പ് തന്നെ പരാതി മൊഴിയായി കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

രാഷ്ട്രീയമായ വിവാദങ്ങളിലേക്ക് തന്നെ വലിച്ചഴക്കുകയാണ്. സ്ത്രീയെന്ന നിലയില്‍ അപമാനിച്ചത് മറച്ചു വയ്ക്കുകയാണ് ഇവിടെ. തന്നെ മോശക്കായിയെന്ന് വരുത്തി തീര്‍ത്താലും പറയാനുള്ളത് പറയുമെന്നും അവര്‍ പറഞ്ഞു. തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയതെന്ന് അവര്‍ പറയുന്നു. പി സി ജോര്‍ജ് സംരക്ഷണം നല്‍കുമെന്ന് കരുതിയിരുന്ന സമയത്താണ് അദ്ദേഹം മെന്ററാണെന്ന് പറഞ്ഞത്. പറഞ്ഞതിലൊന്നും മാറ്റമില്ല. പിന്നീട് പി സി ജോര്‍ജില്‍ നിന്നും ദുരനുഭവമുണ്ടായെന്നും പരാതിക്കാരി പറഞ്ഞു. തന്റെ പരാതിയ്ക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമില്ലെന്നും ഇതൊരു രാഷ്ട്രീയ വിഷയമല്ലെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു. ‘പൊലീസ് അനാവശ്യ തിടുക്കം കാണിച്ചെന്ന പരാതി എനിക്കേതായാലുമില്ല. കോടതി നടപടികളിലും പൊലീസ് അന്വേഷണത്തിലും തൃപ്തയാണ്. എന്നക്കുറിച്ച് ആളുകള്‍ എന്തും പറയട്ടേ, ഇരയെന്ന പരിവേഷം തരണമെന്നില്ല. പരാതിയില്‍ രാഷ്ട്രീയമില്ല. പി സി ജോര്‍ജിന് ജാമ്യം നല്‍കിയത് കോടതിയാണ്. ഇതിനെ ഞാന്‍ നിയമപരമായി നേരിടാന്‍ ഉദ്ദേശിക്കുന്നു. അതില്‍ കവിഞ്ഞ വ്യാഖ്യാനങ്ങളൊന്നും നല്‍കേണ്ടതില്ല’. പരാതിക്കാരി പറഞ്ഞു.