എകെജി സെന്റര്‍ ആക്രമണം ; നിയമസഭയില്‍ രൂക്ഷമായ വാദപ്രതിവാദം

എകെജി സെന്റര്‍ ആക്രമണത്തിന്റെ പേരില്‍ നിയമസഭയില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം. എകെജി സെന്ററിന് നേരെ നടന്ന അക്രമം ആസൂത്രിതമാണെന്നും പൊലീസിന് വീഴ്ച പറ്റിയെങ്കില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന സിപിഎം നേതാക്കളുടെ ആരോപണം നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഏറ്റെടുത്തില്ല. പൊലീസ് ഒത്താശയോടെ സിപിഎം അറിഞ്ഞ് നടത്തിയ അക്രമമെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം.

ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫീസ് അക്രമത്തില്‍ പൊലീസ് വീഴ്ചയില്‍ പ്രതിപക്ഷ അടിയന്തര പ്രമേയം. അസാധാരണ നടപടിക്കാണ് കേരള നിയമസഭ ഇന്ന് സാക്ഷിയായത്. എകെജി സെന്റര്‍ ആക്രമണം പ്രതിപക്ഷം അടിയന്തര പ്രമേയമാക്കിയപ്പോള്‍ ഒഴിഞ്ഞുമാറിയെന്ന പഴി ഒഴിവാക്കാന്‍ ഭരണപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറായി. പൊലീസ് കാവലുണ്ടായിട്ടും നടന്ന അക്രമം, മിനുട്ടിനുള്ളില്‍ ഇ.പി.ജയരാജന്‍ സ്ഥലത്തെത്തി കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തി, പിന്നീടങ്ങോട്ട് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു. സിപിഎമ്മിനെ സംശയ നിഴലില്‍ നിര്‍ത്തിയായിരുന്നു നോട്ടീസ് നല്‍കിയ പി.സി.വിഷ്ണുനാഥ് അടക്കമുള്ള പ്രതിപക്ഷ നിരയുടെ വിമര്‍ശനം.

നാല് ദിവസമായിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുന്നതിന് രൂക്ഷവിമര്‍ശനവും പരിഹാസവും. എന്നാല്‍ പൊലീസ് അന്വേഷണത്തെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇ.പി.ജയരാജനാണെന്ന കെ.സുധാകരന്റെ ആരോപണത്തെ രൂക്ഷമായി പിണറായി നേരിട്ടു. ഓഫീസ് അതിക്രമത്തെ അപലപിക്കാത്ത ശൈലിയിലേക്ക് കോണ്‍ഗ്രസ് മാറിയതിന് കാരണം സുധാകരന്റ ശൈലിയെന്നായിരുന്നു വിമര്‍ശനം. സ്റ്റീല്‍ ബോംബെന്ന് സംശയിച്ച ഇപിയെയും വലിയ സ്‌ഫോടന ശബ്ദം കേട്ടെന്ന പി.കെ.ശ്രീമതിയെയും പരിഹസിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ കടന്നാക്രമണം.

എന്നാല്‍ എകെജി സെന്റര്‍ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സിസിടിവി ദൃശ്യങ്ങളില്‍ വാഹനം ആദ്യം വന്നുപോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പൊലീസുള്ള സ്ഥലം മനസിലാക്കാനായിരുന്നു ആദ്യ വരവ്. ഇക്കാര്യത്തില്‍ പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിയെ പിടികൂടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. പ്രതിയെ സംഭവം ആസൂത്രണം ചെയ്തവര്‍ മറച്ചുപിടിക്കുകയാണ്. ഏതെങ്കിലും ഒരാളെ പിടിക്കാനല്ല ഉദ്ദേശിക്കുന്നത്. വിശദമായ പരിശോധനയാണ് നടക്കുന്നത്. കൃത്യമായി തന്നെ പ്രതിയിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം എ കെ ജി സെന്റര്‍ ആക്രമണത്തെ സിപിഐഎം ആഘോഷമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭരണകക്ഷി നേതാക്കള്‍ പറഞ്ഞുവിടുന്ന നേതാക്കളാണ് പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു. പൊലീസ് നിരീക്ഷണത്തില്‍ നിന്നും എ കെ ജി സെന്റര്‍ ആക്രമിച്ചയാള്‍ എങ്ങനെ രക്ഷപ്പെട്ടെന്ന് ആഭ്യന്തര വകുപ്പ് വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. എ കെ ജി സെന്റര്‍ ആക്രമണം നടക്കുന്നതിന് തലേദിവസം അതേ സമയത്ത് പൊലീസ് ജീപ്പ് എകെജി സെന്റര്‍ പരിസരത്തുണ്ടായിരുന്നെന്നും ആക്രമണം നടക്കുമ്പോള്‍ ഇതേ ജീപ്പ് ആരാണ് മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ചില വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് എകെജി സെന്റര്‍ ആക്രമണത്തെ സിപിഐഎം പ്രവര്‍ത്തകര്‍ ആഘോഷമാക്കുന്നത്. ഭരണപക്ഷത്തിന് വല്ലാത്ത ഭീതിയാണെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.