പ്രവാസികള്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങളുമായി അല്‍ഹിന്ദ് ട്രാവല്‍ ഏജന്‍സി

ബലിപെരുന്നാളും സ്‌കൂള്‍ അവധിയും ഒരുമിച്ചെത്തിയതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ച് ഇരട്ടിയോളമാണ് ഉയര്‍ന്നു. ഈ പകല്‍ കൊള്ളയ്ക്കും ടിക്കറ്റ് വര്‍ധനവിനിടെയും നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ്. സ്വകാര്യ ട്രാവല്‍ ഏജന്‍സി (അല്‍ഹിന്ദ്) ആണ് സര്‍വീസിന് നേതൃത്വം നല്‍കുന്നത്. വണ്‍വേ യാത്രയ്ക്ക് 26,500 രൂപയാണ് (1250 ദിര്‍ഹം) നിരക്ക്. തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം ഇന്നലെ ദുബൈയില്‍ നിന്ന് പുറപ്പെട്ടു. 183 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.

ഏഴിന് റാസല്‍ഖൈമയില്‍ നിന്നും എട്ടിന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് രണ്ട് വിമാനങ്ങളും ഉള്‍പ്പെടെ ആകെ നാല് വിമാനങ്ങളില്‍ പ്രവാസികളെ നാട്ടില്‍ എത്തിക്കാനാണ് തീരുമാനം. ആവശ്യമായി വരികയാണെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനും ഏജന്‍സിക്ക് പദ്ധതിയുണ്ട്. സാധാരണ വിമാനങ്ങളില്‍ ഇരട്ടി തുക ചെലവഴിക്കണമെന്നിരിക്കെ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകുകയാണ് ചാര്‍ട്ടേഡ് സര്‍വീസുകള്‍.

അവധികള്‍ ഒരുമിച്ചെത്തിയതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന നിരക്ക് നിരക്ക് ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നത് അഞ്ച് ഇരട്ടിയോളമാണ്. യുഎഇയില്‍ നിന്ന് ഒരു വശത്തേക്ക് മാത്രമുള്ള യാത്രയ്ക്ക് 42,000 മുതല്‍ 65,000ത്തോളമാണ് ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് നാട്ടില്‍ പോയി വരണമെങ്കില്‍ കുറഞ്ഞത് മൂന്നര ലക്ഷം രൂപയെങ്കിലും ചെലവാകും. അവധിക്കാലങ്ങളില്‍ പ്രവാസികളെ വെച്ച് കൊള്ളയടിക്കുന്ന മാഫിയാ സംഘങ്ങളുടെ പിടിയിലാണ് വിമാന ടിക്കറ്റ് കച്ചവടമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ റഹീം പറഞ്ഞു.

നേരത്തേ ബുക്ക് ചെയ്ത് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് സ്വന്തമാക്കാനാവാത്തതും പ്രവാസികള്‍ക്ക് തിരിച്ചടിയായി. ഗ്രൂപ്പ് ടിക്കറ്റ് എന്ന പേരില്‍ വിമാനക്കമ്പനികള്‍ ഏജന്‍സികള്‍ക്ക് ടിക്കറ്റുകള്‍ മറിച്ചുകൊടുത്താണ് യാത്രക്കാരെ പിഴിയുന്നത്. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടു വര്‍ഷത്തെ അവധിക്കു നാട്ടിലേക്കു പോകാന്‍ സാധിക്കാത്ത ആയിരക്കണക്കിനു കുടുംബംഗങ്ങളുടെ യാത്രയാണ് ആകാശകൊള്ളയില്‍ മുടങ്ങിയത്.