കേരളത്തിന്റെ നിഴല്‍ മുഖ്യമന്ത്രിയാണ് ഫാരിസ് അബുബക്കര്‍ എന്ന് പി സി ജോര്‍ജ്ജ്

വിവാദ വ്യവസായി ഫാരിസ് അബുബക്കര്‍ കഴിഞ്ഞ ആറു വര്‍ഷമായി കേരളത്തിന്റെ നിഴല്‍ മുഖ്യമന്ത്രിയാണ് എന്ന് ജനപക്ഷം നേതാവ് പി ജി ജോര്‍ജ്ജ്. തന്റെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് പി സി ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സിംഗപ്പൂരില്‍ നിന്നും കിഡ്‌നി തട്ടിപ്പ് കേസില്‍ പ്രതിയായതിന്റെ പേരില്‍ ഒളിച്ചോടിയ വ്യക്തിയാണ് ഫാരിസ് അബൂബക്കര്‍.2009-ല്‍ കോഴിക്കോട് ലോക്സഭ സീറ്റ് വിരേന്ദ്രകുമാറിന് നല്‍കാത്തതിന്റെ പേരിലാണ് ജനതാദള്‍ എല്‍ഡിഎഫ് വിടുന്നത്. അന്ന് അവിടെ സ്ഥാനാര്‍ത്ഥിയായത് ഇന്നത്തെ മന്ത്രിയും, മുഖ്യന്റെ മരുമകനുമായ ശ്രീ.മുഹമ്മദ് റിയാസ്. 2009-ല്‍ ഇത് ഫാരിസ് അബൂബക്കറിന്റെ പേയ്മെന്റ് സീറ്റ് ആണെന്നും റിയാസ് ഫാരിസിന്റെ നോമിനിയാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു.വെറുക്കപ്പെട്ടവനെന്നും, ഷാഡോ ക്യാരക്ടര്‍ എന്നും സിപിഎം വിലയിരുത്തിയ വ്യക്തിയുമായി മുഖ്യമന്ത്രിയുടെയും, കുടുംബത്തിന്റെയും ബന്ധത്തിന്റെ ദൈര്‍ഘ്യം നാം മനസ്സിലാക്കണം എന്നും പി സി ആരോപിക്കുന്നു.

പിണറായി ഉടുക്കുന്ന വസ്ത്രം,ആരോട് സംസാരിക്കണം, പത്രസമ്മേളനത്തിലെ മാറ്റര്‍,ആരെയൊക്കെ ചിരിച്ചു കാണിക്കണമെന്ന് പോലും തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന് പുറത്ത് ഫാരിസ് നേതൃത്വം നല്‍കുന്ന സ്‌ട്രേറ്റര്‍ജി മാനേജ്‌മെന്റ് ടീമാണ്. ഇക്കാര്യങ്ങള്‍ ഞാന്‍ പുറത്തു പറയാന്‍ പോകുന്നു എന്ന തിരിച്ചറിവാണ് എനിക്കെതിരെയുള്ള പീഡനക്കേസും,അറസ്റ്റും. ഞാന്‍ പത്ര സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഇ.ഡി. ആവശ്യപ്പെട്ടാല്‍ മൊഴി നല്‍കുമെന്നും പി സി വെളിപ്പെടുത്തുന്നു. കേരളത്തിലേക്ക് സംരംഭകരെയും ഐടി കമ്പനികളെയും ക്ഷണിക്കാന്‍ വേണ്ടി ലോകം മുഴുവന്‍ നടക്കുന്ന മുഖ്യമന്ത്രി എന്തിന് സ്വന്തം മകളുടെ കമ്പനി ബാംഗ്ലൂരില്‍ സ്ഥാപിക്കണം. ഇതും വലിയ കള്ളത്തരത്തിന്റെ ഭാഗമാണ്.

എനിക്കെതിരെ കേസ് നല്‍കിയ സ്ത്രീയെ കുറിച്ച് ഞാന്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല കാരണം അവര്‍ ഇന്ന് മുഖ്യമന്ത്രിയുടെ കൈയിലെ കളിപ്പാവ മാത്രമാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട സംഭവവികാസങ്ങള്‍. അവര്‍ നല്‍കിയ കേസില്‍ പോലീസ് കേസെടുക്കുകയും എന്നെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. പോലീസില്‍ നിന്നും നീതി കിട്ടി എന്ന് അവര്‍ തന്നെ പറയുന്നു. വീണ്ടും ആ വിഷയം ലൈവായി നിര്‍ത്തേണ്ടത് മുഖ്യമന്ത്രിയുടെ മാത്രം ആവശ്യമാണ്.ഞാന്‍ ഉന്നയിച്ച വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിയുക എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. എകെജി സെന്റര്‍ ആക്രമവുമായി ബന്ധപ്പെട്ട് ഈ കുറ്റം ചെയ്തത് കോണ്‍ഗ്രസ് ആണെന്ന് പ്രഖ്യാപിച്ച് അന്ന് രാത്രി മുതല്‍ വലിയ പ്രക്ഷോഭമാണ് സിപിഎം നേതൃത്വത്തില്‍ കോണ്‍ഗ്രസിനെതിരെ നടന്നത്.അന്നും അടുത്ത ദിവസവുമായി നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിക്കപ്പെടുകയും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഇതിന് പ്രേരണ ആയത് ഇ.പി ജയരാജന്റെ പ്രസ്താവനയാണ്. എന്നാല്‍ ഇന്നും ആ പ്രസ്താവന ശരിയാണോ എന്ന് തെളിയിക്കുന്നതിന് അദ്ദേഹത്തിനോ കേരള പോലീസിനോ സാധിക്കാത്ത സാഹചര്യത്തില്‍ ലഹളക്കുള്ള ആഹ്വാനം ഐപിസി സെക്ഷന്‍ 153 അനുസരിച്ച് അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ ഇന്ന് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് എന്നും പി സി വ്യക്തമാക്കി.